കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് നടനും ബിജെപി പ്രവര്‍ത്തകനുമായ മിഥുന്‍ ചക്രവര്‍ത്തിയെ കൊല്‍ക്കത്ത പൊലീസ് ചോദ്യം ചെയ്‌തു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് നടനെ പൊലീസ് ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യല്‍ 45 മിനിറ്റോളം നീണ്ടു.
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായിരുന്നു 71 കാരനായ മിഥുന്‍ ചക്രവര്‍ത്തി. മാര്‍ച്ച് 7 ന് കല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ വച്ച് നടന്ന പ്രചാരണ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി വിവാദ പ്രസ്‌താവനകള്‍ നടത്തിയത്. ഈ പ്രസ്‌താവനകള്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളില്‍ നടന്ന കലാപത്തില്‍ സുപ്രധാന പങ്ക് വഹിച്ചുവെന്നാണ് കേസ്.
Also read: ബിജെപിയില്‍ തൃപ്‌തല്ലെന്ന് തൃണമൂല്‍ വിട്ട് വന്ന എംപി സുനില്‍ മൊണ്ടാല്‍
മാണിക്‌തലയിലാണ് മിഥുന്‍ ചക്രവര്‍ത്തിയ്ക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. ഇതിനെതിരെ കഴിഞ്ഞ ആഴ്‌ച മിഥുന്‍ ചക്രവര്‍ത്തി കൊല്‍ക്കത്ത ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വിര്‍ച്വലായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, ജനപ്രിയ സിനിമകളിലെ സംഭാഷങ്ങള്‍ ഉരുവിടുകയാണ് താന്‍ ചെയ്‌തതെന്നാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ വാദം.