കൊൽക്കത്ത: കൊൽക്കത്തയിൽ പുതുചരിത്രമെഴുതി ആദ്യ സ്വവർഗവിവാഹം. പ്രശസ്‌ത കോസ്റ്റ്യൂം ഡിസൈനർ അഭിഷേക് റോയിയും ഡിജിറ്റൽ മാർക്കറ്ററായ ചൈതന്യ ശർമ്മയുമാണ് വിവാഹിതരായത്. പരമ്പരാഗത ബംഗാളി ആചാരങ്ങളനുസരിച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
സെൻട്രൽ കൊൽക്കത്ത ഹോട്ടലിൽ വച്ച് നടത്തിയ വിവാഹച്ചടങ്ങിൽ ദമ്പതികളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ അനിരുദ്ധ ചക്ലദാർ, നർത്തകി തനുശ്രീ ശങ്കർ, മകൾ ശ്രീനന്ദ ശങ്കർ എന്നിവരും അതിഥികളായെത്തിയിരുന്നു.
ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് തന്‍റെ ജീവിതപങ്കാളിയുമായി ഒന്നിച്ചുജീവിക്കാൻ ഇരുവരും തീരുമാനിക്കുന്നത്. ഇന്ത്യയിൽ സ്വവർഗ വിവാഹം ഇപ്പോഴും നിയമപരമല്ലെങ്കിലും തങ്ങളുടെ ഒത്തുചേരൽ മറ്റ് സ്വവർഗ പങ്കാളികൾക്കും ധൈര്യം പകരുമെന്ന പ്രതീക്ഷയിലാണ് അഭിഷേകും ചൈതന്യയും.