ചെന്നൈ : കോടനാട് എസ്‌റ്റേറ്റ് കൊലപാതകം, കവര്‍ച്ച കേസുകളുമായി ബന്ധപ്പെട്ട് വികെ ശശികലയെ ചോദ്യം ചെയ്‌തു. ഐജി സുധാകരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശശികലയുടെ വസതിയില്‍ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് കേസിനാസ്‌പദമായ സംഭവം.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്‌തയായിരുന്ന ശശികലയോട് കോടനാട്ടെ സ്വത്തുക്കളെക്കുറിച്ചും കൈവശമുള്ള സുപ്രധാന രേഖകളെക്കുറിച്ചും ഐജി സുധാകരൻ വിവരങ്ങള്‍ തേടി. ആദ്യമായാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ശശികലയില്‍ നിന്ന് വിവരങ്ങള്‍ ആരായുന്നത്.
ചോദ്യം ചെയ്യലിന് മുന്നോടിയായി ടി നഗറിലെ ഹബീബുള്ള റോഡിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. നീലഗിരി എസ്‌പി ആശിഷ് റാവത്ത്, എഡിഎസ്‌പി കൃഷ്‌ണമൂർത്തി, ഡിഎസ്‌പി ചന്ദ്രശേഖരൻ എന്നിവരുമടങ്ങുന്ന സംഘമാണ് ശശികലയുടെ വസതിയിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുന്നൂറിലധികം പേരെ അന്വേഷണസംഘം ചോദ്യം ചെയ്‌തിട്ടുണ്ട്.