കൊല്‍ക്കത്ത : കൃത്യസമയത്ത് സിപിആർ നൽകിയിരുന്നെങ്കിൽ ബോളിവുഡ് ഗായകൻ കെകെയെ രക്ഷിക്കാനാകുമായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടർ. കെകെയുടെ ഹൃദയത്തില്‍ നിരവധി തടസങ്ങളുണ്ടായിരുന്നു. സംഗീത പരിപാടിക്കിടെ ഉണ്ടായ അമിതാവേശത്തിനിടെ രക്തയോട്ടം നിലയ്ക്കുകയും ഹൃദയസ്‌തംഭനത്തിലേക്ക് നയിക്കുകയും ചെയ്‌തുവെന്ന് ഡോക്‌ടർ പറഞ്ഞു.
ഹൃദയസ്‌തംഭനം അനുഭവപ്പെടുന്ന ഒരു വ്യക്തിയുടെ സാധാരണ രക്തചംക്രമണവും ശ്വസനവും പുനഃസ്ഥാപിക്കുന്നതിന് തുടർനടപടികൾ സ്വീകരിക്കുന്നത് വരെ തലച്ചോറിന്‍റെ പ്രവർത്തനം സ്വമേധയാ നിലനിർത്തുന്നതിനുള്ള അടിയന്തര നടപടിക്രമമാണ് സിപിആര്‍. ബോധരഹിതനായ സമയത്ത് സിപിആര്‍ നല്‍കിരുന്നെങ്കില്‍ കെകെയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു.
കെകെ ആന്‍റാസിഡുകൾ ( ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍) കഴിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വേദന അനുഭവപ്പെട്ട സമയത്ത് ദഹനപ്രശ്‌നമായി തെറ്റിദ്ധരിച്ച് ആന്‍റാസിഡുകൾ കഴിച്ചതാകാം എന്നാണ് ഡോക്‌ടര്‍മാരുടെ വിലയിരുത്തല്‍. കെകെ ഇടക്കിടെ ആന്‍റാസിഡുകൾ കഴിക്കാറുണ്ടെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അദ്ദേഹം താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് നിരവധി ആന്‍റാസിഡുകളുടെ സ്ട്രിപ്പുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്‍റെ കൈയിലും തോളിലും വേദന അനുഭവപ്പെടുന്നതായി കെകെ ഭാര്യയോട് ഫോണിലൂടെ പറഞ്ഞതായും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ചിലെ വേദിയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോവുകയായിരുന്നു. ഹോട്ടലില്‍ വച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കെകെയുടെ ജീവന്‍ രക്ഷിക്കാനായില്ല.