ന്യൂഡല്‍ഹി: വ്യത്യസ്‌ത തരത്തിലുള്ള സ്‌നേഹ പ്രകടനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സാക്ഷികളാകുന്നവരാണ് നമ്മള്‍. രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ഓടുന്ന കാറിലും ബൈക്കിലുമെല്ലാമുണ്ടായ ചില സ്‌നേഹ പ്രകടനങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വളരെയധികം വ്യത്യസ്‌തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
വൈറല്‍ ദൃശ്യങ്ങളും കമന്‍റുകളും: ഡല്‍ഹി മെട്രോ കോച്ചിന്‍റെ തറയിലിരുന്ന് പരസ്‌പരം ചുംബിച്ച കമിതാക്കളുടെ വീഡിയോയാണ് ഇക്കഴിഞ്ഞ ദിവസം വൈറലായത്. വീഡിയോയ്‌ക്ക് സോഷ്യല്‍ മീഡിയയില്‍ കമന്‍റുകളുടെ പെരുമഴയാണ്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും കൂടാതെ വളരെയധികം തമാശ രൂപത്തിലുമുള്ള കമന്‍റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.
വീഡിയോ നിരവധി പേര്‍ തമാശയാക്കിയെടുത്തെങ്കിലും നിരവധി പേര്‍ രോഷാകുലരായാണ് കമന്‍റുകളിട്ടത്. 'അവന്‍ അവള്‍ക്ക് സിപിആര്‍ നല്‍കുകയല്ലെ അതിനെന്താ? എന്ന് ഒരാള്‍ ഹാസ്യ രൂപേണ ചോദിച്ചു. എന്നാല്‍ മെട്രോ ട്രെയിനിലുണ്ടായിരുന്ന സഹയാത്രികര്‍ എന്താണ് ഇതിനെതിരെയൊന്നും പ്രതികരിക്കാത്തതെന്ന് ഒരു കൂട്ടം ആളുകള്‍ ചോദിച്ചു. മറ്റു ചിലരാകട്ടെ കമന്‍റിട്ടത് ഇപ്രകാരമാണ്. ബെഡ് റൂമില്‍ വച്ച് ചെയ്യേണ്ട കാര്യങ്ങള്‍ പൊതു ജനങ്ങള്‍ക്കിടയില്‍ വച്ച് ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. പൊതു ഗതാഗത സംവിധാനങ്ങള്‍ ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും അടുത്തിടെയായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ പുറത്ത് വരുന്നുണ്ടെന്നും മറ്റൊരാള്‍ പ്രതികരിച്ചു.
മെട്രോ ട്രെയിനിലെ സഹയാത്രകരില്‍ ഒരാളാണ് കമിതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. മെട്രോ കോച്ചില്‍ ആണ്‍കുട്ടി നിലത്ത് ഇരിക്കുകയും പെണ്‍കുട്ടി മടിയില്‍ കിടക്കുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ ചുംബിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ചുംബനം നല്‍കിയതിന് ശേഷം പെണ്‍കുട്ടി സ്‌നേഹത്തോടെ ആണ്‍കുട്ടിയെ കെട്ടി പിടിക്കുന്നുമുണ്ട്.
നടപടിക്കൊരുങ്ങി ഡിഎംആര്‍സി: മെട്രോ കോച്ചില്‍ കമിതാക്കള്‍ ചുംബിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടിയെടുക്കാനൊരുങ്ങിയിരിക്കുകയാണ് ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍). മെട്രോ ട്രെയിന്‍ , പ്ലാറ്റ്‌ഫോം തുടങ്ങിയുള്ള പൊതുയിടങ്ങളില്‍ വച്ചുള്ള ഇത്തരം അശ്ലീല പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് ഡിഎംആര്‍സി യാത്രക്കാരോട് അഭ്യര്‍ഥിച്ചു. ഇത്തരം സംഭവങ്ങള്‍ കാണുകയാണെങ്കില്‍ മെട്രോ സ്റ്റാഫിനെയോ സിഐഎസ്‌എഫിനെയോ ഉടന്‍ വിവരമറിയിക്കണമെന്നും എന്നാല്‍ മാത്രമെ വേഗത്തില്‍ നടപടി കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്നും ഡിഎംആര്‍സി യാത്രക്കാരോട് പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഡല്‍ഹി മെട്രോ കോച്ചുകളില്‍ നിന്നായി അടുത്തിടെ ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ ഖേദിക്കുന്നുണ്ടെന്നും ഡിഎംആര്‍സി പറഞ്ഞു. ഡല്‍ഹി മെട്രോയിലെ തങ്ങളുടെ യാത്രക്കാര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കണമെന്നും ഒരു പൊതു സ്ഥലത്ത് പാലിക്കേണ്ട മുഴുവന്‍ മര്യാദകളും പാലിച്ച് യാത്ര ചെയ്യണമെന്നും ഡിഎംആര്‍സി അഭ്യര്‍ഥിച്ചു.
സഹയാത്രികര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ട്രെയിനിന് അകത്തോ പ്ലാറ്റ് ഫോമിലോ അശ്ലീലകരമായി പെരുമാറുന്നത് ഡിഎംആര്‍സി ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്‍റനന്‍സ് ആക്‌ട് സെക്ഷന്‍ 59 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഡിഎംആര്‍സി പ്രസ്‌താവനയില്‍ വ്യക്തമാക്കി.
also read: 'മദ്യപിച്ച് ബാങ്കിലെത്തി, പിന്നെ പരാക്രമം ആശുപത്രിയില്‍': ഇത്തവണ പൊലീസ് കെയർഫുൾ ആയിരുന്നു