ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ രാഷ്ടീയ നീക്കവുമായി കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ച നേതാക്കൾ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തും. ഇതിന്‍റെ ഭാഗമായി മാർച്ച് 12ന് കൊൽക്കത്തയിൽ എല്ലാ കർഷക നേതാക്കളും പങ്കെടുക്കുന്ന മെഗാ ഫാർമേഴ്‌സ് റാലി സംഘടിപ്പിക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
ബിജെപിക്കും സഖ്യകക്ഷികൾക്കും വോട്ട് ചെയ്യരുതെന്ന് തങ്ങൾ ജനങ്ങളോട് അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾ പശ്ചിമ ബംഗാളിലെ നിയമസഭാ മണ്ഡലങ്ങള്‍ സന്ദർശിച്ച് ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്തുകൾ നൽകുമെന്നും യാദവ് പറഞ്ഞു. പശ്ചിമ ബംഗാൾ കൂടാതെ അസം, പുതുച്ചേരി, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലും സമാനമായ റാലികളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.
ഡൽഹി അതിർത്തിയിൽ കർഷകരുടെ സമരം 100 ദിവസം പൂർത്തിയാകുന്ന മാർച്ച് ആറിന് കെഎംപി എക്‌സ്‌പ്രസ് ഹൈവേ ആറ് മണിക്കൂർ ഉപരോധിക്കും. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് റോഡ് തടയുന്നത്. കൂടാതെ കർഷക പ്രസ്ഥാനത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമങ്ങളിൽ പ്രതിഷേധിച്ച് അതേ ദിവസം രാജ്യവ്യാപകമായി കരിങ്കൊടി കുത്താൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.