ന്യൂഡൽഹി : കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്ത വ്യക്തികളുടെ ബന്ധുക്കൾക്ക് കൊവിഡ് മരണപ്പട്ടികയുടെ മാനദണ്ഡമനുസരിച്ച് നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
പരിശോധന നടത്തിയ തിയ്യതി മുതലോ ക്ലിനിക്കലായി രോഗം നിർണയിക്കപ്പെടുന്ന ദിവസം മുതലോ 30 നാളുകള്‍ക്കുള്ളില്‍ സംഭവിക്കുന്ന മരണങ്ങൾ, ആശുപത്രിക്ക് പുറത്ത് നടന്നാലും കൊവിഡ് മൂലമാണെന്ന് കണക്കാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
അഭിഭാഷകനായ ഗൗരവ് കുമാർ ബൻസാൽ, അഡ്വക്കേറ്റ് സുമീർ സോധി എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സർട്ടിഫിക്കറ്റിൽ കൊവിഡ് മൂലമുള്ള മരണമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ സെപ്റ്റംബർ 3ന് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം ബന്ധുക്കൾക്ക് ബന്ധപ്പെട്ട ജില്ലാതല സമിതിക്ക് മുൻപാകെ പരാതി ഉന്നയിക്കാം.
Also read: കൊവിഡില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം : സുപ്രീം കോടതി ഉത്തരവ് ഒക്ടോബർ 4ന്
മരണകാരണം സംബന്ധിച്ച് ആശുപത്രിയും കുടുംബവും തമ്മിൽ ഉണ്ടാകുന്ന തർക്കങ്ങളും ജില്ലാതല സമിതി പരിഗണിക്കും.
സെപ്റ്റംബർ 3ലെ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപേ ജില്ലാതല കമ്മിറ്റി നൽകിയ കൊവിഡ് മരണ സർട്ടിഫിക്കറ്റ് 'കൊവിഡ് -19 മൂലമുള്ള മരണം' ആയി പരിഗണിക്കുന്നതിനുള്ള സാധുതാരേഖയായി കണക്കാക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും അറിയിച്ചു.
ജില്ലാതല കമ്മിറ്റി രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് നൽകുന്ന സമയപരിധി 30 ദിവസമായി നിശ്ചയിക്കുമെന്നും ആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച് ഉചിതമായ നിർദേശങ്ങള്‍ നൽകുമെന്നും സർക്കാർ അറിയിച്ചു.