ഏലൂർ (ആന്ധ്രാപ്രദേശ്) : ഏലൂരിൽ അവയവ മാഫിയക്കെതിരെ യുവതി. സ്‌ത്രീയുടെ ദാരിദ്ര്യം മുതലെടുത്ത് അവയവ കച്ചവടം നടത്തുകയും പിന്നീട് പറഞ്ഞുറപ്പിച്ച പണം മുഴുവനായും നൽകിയില്ലെന്നുമാണ് യുവതിയുടെ ആരോപണം. പണം നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ വൃക്ക മറ്റൊരാൾക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.
ആധാർ കാർഡിൽ തിരുത്തൽ വരുത്തിയാണ് അവയവം കൈമാറ്റം ചെയ്‌തത്. ഇരയായ പെൺകുട്ടി ഇന്നലെ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏലൂർ വൺടൗൺ ബെനർജി പേട്ടയിൽ താമസിക്കുന്ന യുവതി പച്ചക്കറി വിറ്റാണ് ഉപജീവനം നടത്തുന്നത്.
ഭർത്താവുമായി പിരിഞ്ഞ് രണ്ട് കുട്ടികൾക്കൊപ്പമാണ് യുവതി താമസിക്കുന്നത്. ഇതിനിടയിൽ പ്രസാദ് എന്നയാളുമായി യുവതി പരിചയത്തിലായി. അവയവം വിൽപ്പന നടത്തുന്നതിനെ കുറിച്ച് ഇയാളാണ് യുവതിയോട് പറഞ്ഞത്. വൃക്ക മറ്റൊരാൾക്ക് നൽകാൻ തയ്യാറായാൽ ഏഴ് ലക്ഷം രൂപ തരാമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു.
ഇത് സമ്മതിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 26 ന് വിജയവാഡയിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി യുവതിയുടെ ഇടതു വൃക്ക നീക്കം ചെയ്‌തു. ശസ്ത്രക്രിയയ്ക്ക് മുമ്പ് യുവതിക്ക് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ പറഞ്ഞുറപ്പിച്ച തുകയിൽ ബാക്കി രണ്ട് ലക്ഷം രൂപ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം തരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇന്നുവരെ നൽകിയിട്ടില്ലെന്നാണ് യുവതിയുടെ പരാതി.
ശസ്‌ത്രക്രിയയ്‌ക്ക് ശേഷം തനിക്ക് നിരന്തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്നും യുവതി പറയുന്നു. ഇടനിലക്കാരനായി പ്രവർത്തിച്ച പ്രസാദ് ഫോൺ കോളുകൾക്ക് മറുപടി നൽകിയില്ലെന്നും യുവതി പറയുന്നു. നിടമാനൂരിലെ എറംഷെട്ടി ഉദയ്‌കിരണിന് തന്‍റെ വൃക്ക മാറ്റിവച്ചതായാണ് ഇര പരാതിയിൽ പറയുന്നത്. യുവതിയുടെ ആധാർ കാർഡിൽ ഭർത്താവിന്‍റെ പേര് സുബ്ബറാവു എന്നായിരുന്നുവെങ്കിലും ഉദയ്‌കിരൺ എന്നാക്കി മാറ്റിയാണ് അവയവം മാറ്റിവച്ചത്.
സർക്കാർ ക്ഷേമപദ്ധതികളും മറ്റ് ആനൂകൂല്യങ്ങളും നിലച്ചതോടെ പ്രാദേശിക ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോഴാണ് ആധാർ കാർഡിലെ വിവരങ്ങൾ മാറിയ വിവരം അറിഞ്ഞതെന്നും യുവതി പറഞ്ഞു.
വിശാഖപട്ടണത്തെ വൃക്ക മാഫിയ : ഇക്കഴിഞ്ഞ ഏപ്രിലിൽ മധുരവാഡ നിവാസിയായ വിനയ് കുമാർ പെൻഡുർത്തിയിലെ ശ്രീ തിരുമല ആശുപത്രിയിൽ വച്ച് പരിചയ സമ്പന്നനല്ലാത്ത ഡോക്‌ടര്‍ വൃക്ക നീക്കം ചെയ്‌തുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൃക്ക നീക്കം ചെയ്‌തതായി കണ്ടെത്തി. ഇതോടെ രജിസ്‌ട്രേഷനോ അനുമതിയോ ഇല്ലാതെ വൃക്ക നീക്കം ചെയ്‌തതിന് ജില്ല കലക്‌ടറുടെ നിര്‍ദേശപ്രകാരം ആശുപത്രി പൂട്ടിച്ചു. ആശുപത്രിയിലെ എല്ലുരോഗ വിദഗ്‌ധനായ പരമേശ്വര റാവുവായിരുന്നു വിനയ് കുമാറിനോട് വൃക്ക നീക്കം ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചത്.
പരമേശ്വര റാവു തന്നെയാണോ വൃക്ക നീക്കം ചെയ്യല്‍ ശസ്‌ത്രക്രിയ നടത്തിയത് എന്നും മറ്റ് നെഫ്രോളജി ഡോക്‌ടർമാരുടെ സേവനം ഇയാള്‍ തേടിയിരുന്നോ എന്നതും അന്വേഷണസംഘം പരിശോധിക്കുകയാണ്. സംഭവത്തില്‍ ഡോ.പരമേശ്വര റാവു അന്വേഷണം നേരിടുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ കൂടുതല്‍ ആളുകള്‍ ഇയാള്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. ഇതേ ആശുപത്രിയില്‍ വച്ച് തങ്ങളുടെയും വൃക്കകള്‍ നീക്കം ചെയ്‌തുവെന്നാണ് മറ്റുള്ളവരും ആരോപിക്കുന്നത്.
ടാക്‌സി ഡ്രൈവറായ വിനയ് കുമാറിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുക്കാനായിരുന്നു വൃക്ക മാഫിയയുടെ ശ്രമം. ഇദ്ദേഹത്തിന്‍റെ ബുദ്ധിമുട്ടുകള്‍ അറിയാവുന്ന കോളനി നിവാസി തന്നെയായ കാമരാജുവാണ് വൃക്ക വില്‍പന ചെയ്‌താല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിനയ് കുമാറിനെ വിശ്വസിപ്പിച്ചത്. ഒരു വൃക്കയ്‌ക്ക് എട്ടര ലക്ഷം രൂപ നല്‍കാമെന്ന് കാമരാജു വിനയ് കുമാറിനെ അറിയിച്ചു.
തുടർന്ന് 2022 ഒക്‌ടോബര്‍ 17ന് പരിശോധന കേന്ദ്രത്തിലെത്തിച്ച് പരിശോധനകള്‍ക്ക് വിധേയനാക്കുകയും ചെയ്‌തു. എന്നാൽ പരിശോധനകള്‍ക്ക് ശേഷം വിനയ് കുമാർ വൃക്ക നല്‍കാന്‍ തയ്യാറല്ലെന്ന് അറിയിച്ച് ഹൈദരാബാദില്‍ നിന്ന് മടങ്ങുകയായിരുന്നു. എന്നാല്‍ പരിശോധനകള്‍ക്കായി 50,000ത്തിലധികം രൂപ ചെലവായെന്നും അതിനാല്‍ പിന്മാറാന്‍ സമ്മതിക്കില്ലെന്നും കാമരാജു ഭീഷണി മുഴക്കുകയായിരുന്നു.
സഹകരിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും കാമരാജു ഭീഷണിപ്പെടുത്തി. കൂടാതെ, ഹൈദരാബാദിൽ നിന്ന് മകൻ അയച്ചതാണെന്ന് പറഞ്ഞ് വിനയ് കുമാറിന്‍റെ പിതാവിന് അഞ്ച് ലക്ഷം രൂപ കൈമാറുന്ന വീഡിയോയും ഇയാള്‍ കാണിച്ചു. ഇതോടെ മറ്റുമാര്‍ഗങ്ങളില്ലാതെ വിനയ് വൃക്ക നീക്കം ചെയ്യല്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുകയായിരുന്നു.
എന്നാൽ, ശസ്‌ത്രക്രിയയ്‌ക്ക് ശേഷം മരുന്നുകളൊന്നും നല്‍കാതെ രണ്ടര ലക്ഷം രൂപ നൽകി വിനയ് കുമാറിനെ മടക്കിയയച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതോടെ ഇയാള്‍ ബന്ധുക്കളോട് വിവരം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.