മുംബൈ : പ്രേക്ഷകരുടെ പ്രിയപ്പെട്ട സിദ്ധാര്‍ഥ്-കിയാര ദമ്പതികളുടെ ചിത്രത്തിന് ആരാധക പ്രശംസ ഏറുന്നു. കിയാര അദ്വാനി ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ച വിവാഹ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഇരുവരുടെയും വിവാഹ ചടങ്ങിനോടനുബന്ധിച്ച സംഗീത് ചടങ്ങിന്‍റെ ചിത്രമായിരിക്കുമെന്നാണ് ആരാധകരുടെ നിഗമനം.
എന്നാല്‍, ഏത് ചടങ്ങില്‍ നിന്നുള്ള ചിത്രമാണിതെന്ന് കിയാര വ്യക്തമാക്കിയിട്ടില്ല. പ്രകാശത്തിന്‍റെ പ്രതിഫലനത്തിന് അനുസരിച്ച് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വസ്‌ത്രം സ്വര്‍ണ നിറത്തില്‍ നിന്നും വെള്ളിനിറമാകുന്നതാണ്. കൂടാതെ, 98000 സരോവ്‌സ്‌കി സ്‌ഫടിക കല്ലുകളും വസ്‌ത്രത്തിന് കൂടുതല്‍ അഴകേകുന്നു.
ക്രിസ്‌റ്റലില്‍ തിളങ്ങി വസ്‌ത്രം : മനീഷ് മല്‍ഹോത്രയുടെ ആഭരണശേഖരത്തില്‍ നിന്നുമുള്ള നെക്‌പീസായിരുന്നു കിയാര ധരിച്ചിരുന്നത്. ആകര്‍ഷകമായ റൂഹി പെന്‍ഡന്‍റിനോടൊപ്പം അണ്‍കട്ട് വജ്രങ്ങളും ജോടിയാക്കിയുള്ളതായിരുന്നു താരത്തിന്‍റെ ജ്വല്ലറി. അതേസമയം, കറുപ്പും ഗോള്‍ഡ് നിറവും കലര്‍ന്ന വെല്‍വെറ്റ് ശര്‍വാണിയാണ് ആഘോഷവേളയില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ധരിച്ചിരുന്നത്.
- " class="align-text-top noRightClick twitterSection" data="
">
സരോവ്‌സ്‌കി സ്‌ഫടിക കല്ലുകളാല്‍ ഡിസൈന്‍ ചെയ്‌തിട്ടുള്ള വസ്‌ത്രത്തിന്‍റെ ഡിസൈന്‍ പൂര്‍ണമായും കൈത്തറിയാല്‍ നിര്‍മിതമാണ്.'ആ രാത്രി എന്തോ.....ശരിക്കും പ്രത്യേകത നിറഞ്ഞതായിരുന്നു' ചിത്രം പങ്കുവച്ചുകൊണ്ട് കിയാര ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. 'അത്യാകര്‍ഷകമായിരിക്കുന്നു മനീഷ് മല്‍ഹോത്ര' എന്ന് കിയാരയുടെ പോസ്‌റ്റിന് കരണ്‍ ജോഹര്‍ കമന്‍റുമായെത്തി. എന്നാല്‍, ഫയര്‍ ഇമോജിയില്‍ മനീഷ് മല്‍ഹോത്ര കമന്‍റ് ചെയ്‌തു.
നിരവധി ആരാധകരാണ് താരത്തിന്‍റെ പോസ്‌റ്റിന് അശംസകളറിയിച്ച് കൊണ്ട് എത്തിയത്. 'നിങ്ങള്‍ രണ്ട് പേരും ഏറെ പ്രിയങ്കരമാണ്, എത്രമാത്രം നിങ്ങള്‍ ഞങ്ങളെ അസൂയപ്പെടുത്തും'-ആരാധകന്‍ കുറിച്ചു. 'ഇന്‍സ്‌റ്റഗ്രാം തുറക്കാന്‍ തന്നെ എന്തൊരു ഭംഗിയാണ്, ഈ ചിത്രമാണ് എന്നെ ഇന്‍സ്‌റ്റഗ്രാമിലേയ്‌ക്ക് ആകര്‍ഷിച്ചത്'-മറ്റൊരു ആരാധകന്‍ കമന്‍റ് ചെയ്‌തു.
സൂര്യഗഡിനെ നിറമണിയിച്ച താരങ്ങളുടെ വിവാഹം: ഫെബ്രുവരി ഏഴിന് രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ചായിരുന്നു സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും വിവാഹം. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പിന്നീട് സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഇരുവരും മുംബൈയില്‍ സത്കാരം ഒരുക്കിയിരുന്നു.
സാധാരയായി താരങ്ങള്‍ തങ്ങളുടെ വിവാഹ ആഘോഷങ്ങള്‍ക്കായി സബ്യാസച്ചി ഡിസൈനില്‍ നിന്നുള്ള വസ്ത്രമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍, സിദ്ധാര്‍ഥ്-കിയാര ജോഡികള്‍ തിരഞ്ഞെടുത്തത് മനീഷ് മല്‍ഹോത്ര ഒരുക്കിയ വസ്‌ത്രങ്ങളായിരുന്നു. പ്രശസ്‌ത ബോളിവുഡ് ആര്‍ട്ടിസ്‌റ്റായ വീണ നഗ്‌ഡയാണ് കിയാരയുടെ കൈകളില്‍ മെഹന്തി ചാര്‍ത്തിയത്.
ബോളിവുഡ് താരങ്ങളായ ജൂഹി ചൗള, അര്‍മാന്‍ ജെയിന്‍, ഷാഹിദ് കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ക്ക് പുറമെ കിയാരയുടെ സഹപാഠിയായിരുന്ന ഇഷ അംബാനി, നിര്‍മാതാവായ ആര്‍തി ഷെട്ടി, പൂജ ഷെട്ടി, സംവിധായകന്‍ അമൃത്പാല്‍ സിങ് ബിന്ദ്ര തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
താരങ്ങളുടെ ഒടുവിലത്തെ ചിത്രം: 'ഷേര്‍ഷ' എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥും കിയാരയും സുഹൃത്തുക്കളാകുന്നത്. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഒടുവില്‍ ഇരുവരും വിവാഹിതരായി. സിദ്ധാര്‍ഥിന്‍റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌ത ചിത്രം 'മിഷന്‍ മജ്‌നു'വാണ്. കിയാര ഏറ്റവും അവസാനമായി വേഷമിട്ടത് 'ഗോവിന്ദ നാം മേര'യിലായിരുന്നു. വിക്കി കൗശലായിരുന്നു 'ഗോവിന്ദ നാം മേര'യില്‍ കിയാരയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തിയത്.