ചെന്നൈ : തനിക്ക് എട്ട് വയസുള്ളപ്പോൾ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി ദേശീയ വനിത കമ്മിഷൻ അംഗവും നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ രംഗത്ത്. 'ഒരു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുമ്പോൾ ആ മുറിവ് ജീവിതകാലം മുഴുവൻ നിലനിൽക്കും. കുട്ടി ആണാണോ പെണ്ണാണോ എന്നത് പ്രാധാന്യമില്ലാത്ത കാര്യമാണ്. ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് എന്‍റെ അമ്മ കടന്നുപോയിരുന്നത്. ഭാര്യയെയും മക്കളെയും മർദിക്കുകയും ഏക മകളെ പീഡിപ്പിക്കുകയും ചെയ്യുന്നത് തന്‍റെ ജന്മാവകാശമാണ് എന്നായിരുന്നു അച്ഛൻ വിചാരിച്ചിരുന്നത്' ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞു.
വേദനകൾ ഉള്ളിലൊതുക്കി : എട്ടാം വയസുമുതൽ താൻ പീഡിപ്പിക്കപ്പെട്ടെങ്കിലും അത് പുറത്ത് പറഞ്ഞിരുന്നില്ല. കുടുംബത്തിലെ മറ്റ് അംഗങ്ങൾ കൂടി പീഡിപ്പിക്കപ്പെടുമോ എന്ന ഭയം കാരണം വേദനയും ഭയവുമൊക്കെ മനസിൽ അടക്കി. എന്തൊക്കെ സംഭവിച്ചാലും ഭർത്താവ് എന്നാൽ ദൈവത്തിന് തുല്യമാണെന്നാണ് എന്‍റെ അമ്മ വിചാരിച്ചിരുന്നത്. അത്തരം ചിന്താഗതിയുള്ളതിനാൽ അമ്മ ഞാൻ പറയുന്നതൊക്കെ വിശ്വസിക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു.
15 വയസ് തികഞ്ഞപ്പോഴേക്കും അനുഭവിച്ചത് മതിയെന്ന് കരുതിയതിനാൽ പിതാവിനെതിരെ സംസാരിക്കാൻ തുടങ്ങിയെന്നും ഖുശ്ബു വ്യക്തമാക്കി. തനിക്ക് 16 വയസുള്ളപ്പോൾ പിതാവ് കുടുംബം ഉപേക്ഷിച്ചുവെന്നും ഭക്ഷണം പോലുമില്ലാതെ എത്രയോ നാളുകൾ അരക്ഷിതാവസ്ഥയിൽ കഴിഞ്ഞിരുന്നുവെന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു. ഖുശ്‌ബു വിവാഹം ചെയ്‌തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്.
രാഷ്‌ട്രീയ ജീവിതത്തിലേക്ക് : നിറയെ ആരാധകരുള്ള നടിയാണ് ഖുശ്ബു. 1980 കളിൽ ബാലതാരമായിട്ടാണ് ഖുശ്ബു തന്‍റെ അഭിനയ ജീവിതം തുടങ്ങിയത്. തമിഴ് ചിത്രങ്ങൾ കൂടാതെ കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷകളിലും വേഷമിട്ട ഖുശ്ബു ഇതിനോടകം നൂറുകണക്കിന് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്‍റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലിയും ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നിലവിലുണ്ട്..
സിനിമ കരിയർ മികച്ചുനിൽക്കുന്ന സമയത്താണ് ഖുശ്‌ബു രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നത്. 2010 മെയ് പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ച് ഖുശ്‌ബു ഡിഎംകെയിൽ ചേർന്നു. അതിന് ശേഷം കോൺഗ്രസിന്‍റെ ഭാഗമായി. പിന്നീട് ബിജെപിയിലും അംഗമായി. 2021 ലെ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഡിഎംകെയുടെ എൻ എഴിലനോട് പരാജയപ്പെട്ടു. നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്.
ദേശീയ വനിത കമ്മിഷൻ അംഗം : ഖുശ്ബുവിനെ ദേശീയ വനിത കമ്മിഷന്‍ അംഗമായി നിയമിച്ചത് കഴിഞ്ഞ ആഴ്‌ചയാണ്. ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ വനിത ശിശുവികസന മന്ത്രാലയം നാമനിര്‍ദേശം ചെയ്‌തത്. ഇത്രയും വലിയ ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ നേതൃത്വത്തില്‍ രാജ്യം വളര്‍ച്ചയുടെ വഴിയിലാണ്. സ്ത്രീകളുടെ ശാക്തീകണത്തിനും സംരക്ഷണത്തിനും ആത്മാർഥമായ പോരാട്ടം തുടരുമെന്നും ഖുശ്ബു ട്വീറ്റ് ചെയ്‌തിരുന്നു.