ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ ഭാരത് ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സുരക്ഷ പ്രശ്‌നത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ബെനിഹാലിലാണ് യാത്ര നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ഖാര്‍ഗെ കത്തയച്ചത്.
കശ്‌മീരില്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്‌ചയുണ്ടായെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ലെന്നും ഖാര്‍ഗെ കത്തില്‍ പറയുന്നു. അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കുന്ന യാത്രയിലും തുടര്‍ന്ന് ശ്രീനഗറില്‍ നടക്കുന്ന സമാപന സമ്മേളനത്തിലും നിരവധി പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും പങ്കെടുക്കുന്നുണ്ടെന്നും അതുവരെ രാഹുല്‍ ഗാന്ധിക്കും ജോഡോ യാത്രക്കും സുരക്ഷ ഒരുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഖാര്‍ഗെ തന്‍റെ കത്തില്‍ ആവശ്യപ്പെട്ടു.
യാത്രക്കിടെ സുരക്ഷ വീഴ്‌ച ഉണ്ടായതിനെ തുടര്‍ന്ന് യാത്ര നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് കത്ത് എഴുതുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. യാത്രയുടെ അവസാനം വരെ ജമ്മു കശ്‌മീര്‍ പൊലീസ് പൂര്‍ണ സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. നിരവധി പേരാണ് ദിവസവും ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാകുന്നത്. എത്ര പേര്‍ പങ്കെടുക്കുന്നുണ്ടെന്നത് സംഘാടകര്‍ക്ക് പോലും പറയാന്‍ കഴിയില്ല.
കഴിഞ്ഞ സെപ്‌റ്റംബര്‍ 7നാണ് കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 12 സംസ്ഥാനങ്ങളിലൂടെ 3500 കിലോ മീറ്റര്‍ കാല്‍ നടയായി സഞ്ചരിച്ച യാത്ര ജനുവരി 30ന് കശ്‌മീര്‍ തലസ്ഥാനമായ ശ്രീനഗറിൽ സമാപിക്കും. കോണ്‍ഗ്രസിനായിട്ടല്ല മറിച്ച് രാജ്യത്ത് അധികരിച്ച് വരുന്ന കുറ്റകൃത്യങ്ങളുടെയും വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍റെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് ജോഡോ യാത്ര നടത്തുന്നത് എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.