ആനന്ദ് (ഗുജറാത്ത്): ഉത്തരേന്ത്യ കൂടുതല്‍ വംശീയ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ശ്രീരാമന്‍റെ ജന്മാഘോഷ ചടങ്ങായ രാമനവമിക്ക് പിന്നാലെയാണ് ഇരുവിഭാഗം ജനങ്ങള്‍ വംശീയമായി ചേരി തിരിഞ്ഞ് ആക്രമിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. രാമനവമിയോട് ബന്ധപ്പെട്ട് അശാന്തിയോ സംഘർഷമോ അക്രമസംഭവങ്ങളോ സമീപകാലത്തൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം അതല്ല സ്ഥിതി.
കൂടുതല്‍ ഭയാനകമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് ഗുജറാത്തിലെ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ഗുജറാത്തിലെ ആനന്ദ് ജില്ല ഉള്‍പ്പടുന്ന ഖംബട്ടിയില്‍ ഘോഷയത്രക്കിടെ കല്ലേറുണ്ടായത് വര്‍ഗീയ കലാപത്തിലേക്ക് നയിച്ചു. തുടര്‍ന്ന് ഷകർപൂർ മേഖലയിൽ വർഗീയ കലാപം ഉണ്ടായി. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും ഇപ്പോഴും ഇവിടെ ഭയപ്പാടോടെയാണ് മുസ്‌ലിം ജനത ജീവിക്കുന്നത്. 300ഓളം മുസ്‌ലിം കുടുംബം ഉണ്ടായിരുന്നിടുത്ത് ഇപ്പോള്‍ 50 പേരിനടുത്ത് മാത്രമാണുള്ളത്. അതും സ്ത്രീകള്‍ മാത്രം. മറ്റുള്ളവര്‍ സംഘർഷ ഭീതിയിൽ പ്രദേശത്ത് നിന്നും പലായനം ചെയ്‌തു.
രാമനവമി ദിനത്തിൽ രാത്രിയിൽ പ്രദേശത്ത് മുസ്‌ലിം കുടുംബങ്ങൾ ഉറങ്ങുന്നതിനിടെ വീടിന് പുറത്ത് ഘോഷയാത്ര നടത്തിയവർ വലിയ ശബ്‌ദത്തിൽ ഡിജെ നടത്തി. ഇത് കാണാനായി ചില മുസ്‌ലിം ആൺകുട്ടികൾ പോയത് ഘോഷയാത്ര നടത്തിയവരെ പ്രകോപിപ്പിക്കുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പ്രദേശത്തെ സ്ത്രീകൾ പറയുന്നു.
ചെറിയ കൊടികളും വാട്ടർ കൂളറിൽ കല്ലുകളുമായുമാണ് ഘോഷയാത്ര നടത്തിയവർ വന്നതെന്നും സംഘർഷം സൃഷ്‌ടിക്കുക എന്ന ലക്ഷ്യം നേരത്തെ ഇവർക്കുണ്ടായിരുന്നുവെന്നും അവർ ആരോപിക്കുന്നു. സംഘർഷങ്ങൾക്ക് ശേഷം പ്രദേശത്തെ കടയുടമകൾ മുസ്‌ലിങ്ങള്‍ക്ക് റേഷൻ നൽകുന്നതും പാല്‍ നല്‍കുന്നതും നിർത്തിയെന്നും റമദാൻ സമയമായതിനാൽ ഇവിടെത്തെ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും ഇവർ പറയുന്നു.
Also Read: ജഹാംഗിർപുരി അക്രമം; കൗമാരക്കാരന്‍ ഉള്‍പ്പെടെ ഒരു കുടുബത്തിലെ ആറുപേര്‍ കസ്റ്റഡിയില്‍