ലാഹോർ: ഭീകര സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സിന്‍റെ (കെസിഎഫ്) തലവൻ പരംജിത് സിങ് പഞ്ച്വാർ ലാഹോറിൽ കൊല്ലപ്പെട്ടു. ശനിയാഴ്‌ച രാവിലെ ആറ് മണിയോടെ പാകിസ്ഥാനിലെ ലാഹോറിലെ സൺഫ്ലവർ സൊസൈറ്റി ജോഹർ ടൗണിൽ വച്ച് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അക്രമികൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
പഞ്ച്വാർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരംജിത് പഞ്ച്വാർ മറ്റൊരു പേരിൽ പാകിസ്ഥാനിൽ താമസിച്ച് ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. സിഖ് കലാപം, കൊലപാതകം, ഗൂഢാലോചന, ആയുധക്കടത്ത്, പീഡനം എന്നീ കുറ്റങ്ങളിൽ ഇന്ത്യ അന്വേഷിക്കുന്നയാളാണ് പരംജിത് പഞ്ച്വാർ.
ആരാണ് പരംജിത് പഞ്ച്വാർ? : 1960ൽ തരൺ തരണിലെ പഞ്ച്വാർ ഗ്രാമത്തിലാണ് പരംജിത് ജനിച്ചത്. 1986ൽ ഖലിസ്ഥാൻ കമാൻഡോ സേനയിൽ ചേരുന്നതുവരെ സോഹാലിലെ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിലായിരുന്നു ജോലി. കെസിഎഫ് കമാൻഡറും ബന്ധുവുമായ ലഭ് സിങ് പരംജിത് പഞ്ച്വാറിൽ വലിയ സ്വാധീനം ചെലുത്തി.
1986ൽ കെസിഎഫിൽ ചേർന്നു. 1990-കളിൽ ഇന്ത്യൻ സുരക്ഷ സേന ലഭ് സിങ്ങിനെ വധിച്ചു. തുടർന്ന് കെസിഎഫിന്‍റെ ചുമതല ഏറ്റെടുത്ത് 1990ൽ പരംജിത് പാകിസ്ഥാനിലേക്ക് കടന്നു. മാലിക് സർദാർ സിങ് എന്ന പേരിലാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. പരംജിത്തിനെതിരെ 1989 മുതൽ 1990 വരെ ഏഴ് കൊലപാതകങ്ങളും ടാഡ പ്രകാരമുള്ള രണ്ട് കേസുകളും ഉൾപ്പെടെ 10 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ലുധിയാനയിലെ ഒരു ബാങ്കിൽ ഇയാൾ നടത്തിയ കവർച്ചയാണ് രാജ്യത്തെ ഏറ്റവും വലിയ കവർച്ച. ഇയാൾക്ക് ഐഎസ്‌ഐയുമായി അടുപ്പമുണ്ടെന്നും പറയപ്പെടുന്നു. ഇയാളുടെ ഭാര്യയും മക്കളും ജർമ്മനിയിലേക്ക് പോയതായും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ൽ പുറത്തുവിട്ട ഒമ്പത് ഭീകരരുടെ പട്ടികയിൽ പരംജിത് സിങ് പഞ്ച്വാറിന്‍റെ പേരും ഉൾപ്പെടുന്നു. ഇതുകൂടാതെ, തരൺ തരണിലെ ദസുവൽ ഗ്രാമത്തിൽ താമസിക്കുന്ന ബബ്ബർ ഖൽസ ഇന്‍റർനാഷണലിന്‍റെ (ബികെഐ) തലവനായ വാധ്വ സിങ് ബബ്ബറിന്‍റെ പേരും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പഞ്ചാബിലേക്ക് മയക്കുമരുന്നും ആയുധങ്ങളും അയക്കാൻ ഉപയോഗിച്ചു : ഇന്ത്യൻ പഞ്ചാബിലേക്ക് ഡ്രോണുകൾ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നതിൽ പരംജിത് പഞ്ച്വാർ ഉൾപ്പെട്ടിരുന്നു. അതിർത്തി കടന്നുള്ള ആയുധക്കടത്ത്, ഹെറോയിൻ കള്ളക്കടത്ത് എന്നിവയിലൂടെ ധനസമാഹരണം നടത്തി കെസിഎഫിനെ സജീവമാക്കുകയും ചെയ്‌തു.
ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് : നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്‍റെ പേരിൽ യുഎപിഎ പ്രകാരം തീവ്രവാദി സംഘടനയുടെ പട്ടികയിൽ ഉൾപ്പെട്ട സംഘടനയാണ് കെസിഎഫ്. എല്ലാ വിഘടനവാദികളായ ഖലിസ്ഥാനി തീവ്രവാദി ഗ്രൂപ്പുകളെയും ഒരുമിപ്പിച്ച് 'സിഖ് മാതൃഭൂമി' സൃഷ്‌ടിക്കുക എന്നതായിരുന്നു കെസിഎഫിന്‍റെ ലക്ഷ്യം. അതിർത്തി വഴി ലഹരിക്കടത്തും ആയുധക്കടത്തും നടത്തിയാണ് കെസിഎഫിന് ആവശ്യമായ ധനസമാഹരണം പരംജിത് കണ്ടെത്തിയിരുന്നത്. പഞ്ചാബ് പൊലീസ് അന്വേഷിക്കുന്ന പല കേസുകളിലെയും പിടികിട്ടാപ്പുള്ളിയാണ് ഇയാൾ.