ന്യൂഡൽഹി: കേരളത്തിലെ കൊവിഡ് കേസുകളിലുണ്ടാകുന്ന വർധനവിൽ ആശങ്ക പങ്കുവച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുവന്ന വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്നും ജനം കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 13.53 ആയി ഉയർന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശങ്ക പങ്കുവച്ചത്. കേരളത്തിൽ വ്യാഴാഴ്‌ച 22,064 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് (ജൂലൈ 30) കേരളത്തിലെത്തുന്നുണ്ട്.
നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ എസ്.കെ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സംസ്ഥാനത്ത് എത്തുന്നത്. വിവിധ ജില്ലകളിലും കേന്ദ്ര സംഘം സന്ദർശനം നടത്തും.
READ MORE: കൊവിഡ് വ്യാപനം; കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ 37 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് വീണ്ടും വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്. സംസ്ഥാനത്ത് ജൂലൈ 31നും ഓഗസ്റ്റ് ഒന്നിനും കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ALSO READ: രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്; മൂന്നാഴ്‌ചക്കിടെയുള്ള ഉയര്‍ന്ന പ്രതിദിന നിരക്ക്