ന്യൂഡൽഹി : ഇസ്രയേലിൽ ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യയുടെ ഭൗതിക ശരീരം ഇന്നോ നാളെയോ ഇന്ത്യയിലെത്തിക്കുമെന്നും ഇതിനുള്ള നടപടികൾ ആരംഭിച്ചെന്നും ഇസ്രയേൽ ഉപസ്ഥാനപതി റോണി യെദിദിയ ക്ലിൻ. സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ നിവാസികളെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇന്ത്യൻ എംബസി വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംവിധാനങ്ങൾ കൃത്യമായി നടന്നാൽ ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ മൃതദേഹം ഇന്ത്യയിലെത്തുമെന്നും ക്ലിൻ വിശദീകരിച്ചു.
READ MORE: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
ചൊവ്വാഴ്‌ചയാണ് ഇടുക്കി സ്വദേശി സൗമ്യ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസ മുനമ്പിനോട് ചേർന്ന അഷ്‌കലോണിൽ സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തിൽ റോക്കറ്റ് പതിക്കുകയായിരുന്നു. ഏഴുവർഷമായി ഇസ്രയേലിൽ ജോലിചെയ്‌തുവരികയായിരുന്നു സൗമ്യ. ഭർത്താവും ഏഴുവയസുള്ള മകനും അടങ്ങുന്നതാണ് സൗമ്യയുടെ കുടുംബം.
READ MORE: സൗമ്യയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്‌തെന്ന് ഇസ്രയേൽ എംബസി
സൗമ്യയുടെ കുടുംബവുമായി ബന്ധപ്പെട്ടതായി യെദിദിയ ക്ലിൻ അറിയിച്ചിരുന്നു. ആക്രമണം ഉണ്ടാവുമ്പോൾ സൗമ്യ ഭർത്താവുമായി സംസാരിക്കുകയായിരുന്നു. ഭർത്താവിനെ സംബന്ധിച്ച് ഈ സാഹചര്യം എത്രമാത്രം ഭയാനകമാണെന്ന് ഊഹിക്കാനാകുമെന്നും ഇന്ത്യയിലുള്ള ഇസ്രയേല്‍ ഉപസ്ഥാനപതി പറഞ്ഞു.