തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്(Kerala Weather Updates).പക്ഷേ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ന്യൂനമർദ്ദം തെക്ക് കിഴക്കൻ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ സ്വാധീന ഫലമായാണ് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
പൊതുജനങ്ങൾക്കുളള നിർദേശങ്ങൾ
- കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെങ്കിൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
- മത്സ്യബന്ധന യാനങ്ങളും മറ്റ് ഉപകരണങ്ങളും സുരക്ഷിതമാക്കണം.
- വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം എന്നും ഇവ കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
ഭൗമശാസ്‌ത്ര മന്ത്രാലയത്തിൽ നിന്ന് മറുപടി തേടി ബിഹാർ സ്വദേശി : വിവരാവകാശ നിയമം പ്രയോജനപ്പെടുത്തി അസാധാരണമായ ചോദ്യം ചോദിച്ചിരിക്കുകയാണ് ബിഹാർ സ്വദേശിയായ രാജ്‌കുമാർ ഝാ (Bihar Man Filed RTI Application On Climate Change). തന്‍റെ പ്രദേശത്ത് മഴ പെയ്യുന്നില്ലെന്നും ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് (ISRO's Chandrayaan 3 Mission) ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നുമാണ് ഝാ ചോദിച്ചത്.
മൺസൂൺ കാലമായിട്ടും ചൂടുള്ള അന്തരീക്ഷത്തിൽ മടുത്താണ് ഇത്തരമൊരു ചോദ്യം ഉന്നയിക്കുന്നതെന്നും ബിഹാറിലെ ദർഭംഗ ജില്ലയിലെ ബൗറാം ബ്ലോക്കിന് കീഴിലുള്ള മഹുവാർ ഗ്രാമത്തിലെ ആക്‌ടിവിസ്‌റ്റായ ഝാ പറയുന്നു. ഭൗമശാസ്‌ത്ര മന്ത്രാലയത്തിൽ നിന്നാണ് ഇദ്ദേഹം മറുപടി തേടിയത്.
താൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ ദൈവത്തോട് ഉപദേശം തേടാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നതെന്ന് അറിയാനാണ് താൻ ഭൗമ മന്ത്രാലയത്തിൽ നിന്ന് മറുപടി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.