എറണാകുളം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് എതിരെ കേസെടുത്ത് എറണാകുളം സെൻട്രല്‍ പൊലീസ്. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പ്രതികരണത്തിലാണ് കേസ് (Case Against Rajeev Chandrasekhar). വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ഐപിസി 153,153 A,120 (o)കെ.പി ആക്ട് തുടങ്ങി പോലീസ് നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മതസൗഹാർദ്ദ അന്തരീക്ഷം തകർത്ത് കേരളത്തിൽ ലഹള ഉണ്ടാക്കണം എന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടിയായിരുന്ന പ്രവർത്തനങ്ങളെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
രാജീവ് ചന്ദ്രശേഖർ എന്ന ഫേസ്ബുക്ക് പേജിലൂടെ 29.10.2023 തീയതി മുതൽ പലസ്‌തീൻ ടെററിസ്റ്റ് ഗ്രൂപ്പ് ഹമാസ് എന്നും മറ്റുമുള്ള പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി, വീഡിയോസും ടെക്സ്റ്റ് മെസ്സേജുകളായി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ഒരു മതവിഭാഗത്തിനെതിരെ മതസ്‌പർദ്ധ ഉണ്ടാക്കിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.
വാക് പോര് തുടർന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമമായ എക്‌സില്‍ നടത്തിയ പരാമർശത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തിയിരുന്നു. കേന്ദ്രമന്ത്രി വർഗീയ വിഷം ചീറ്റുന്നുവെന്നാണ് മുഖ്യമന്ത്രി ഞായറാഴ്‌ച (29.10.23)ന് പറഞ്ഞത്.
ഇതിന് പിന്നാലെ ഇന്നലെ (30.10.23) രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാറിനെയും രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. അതിന് ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അതിരൂക്ഷമായ ഭാഷയിലാണ് മറുപടി പറഞ്ഞത്. 'രാജീവ് ചന്ദ്രശേഖർ വിഷം അല്ല കൊടും വിഷം, വെറും വിഷം അല്ല. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജീവ് ചന്ദ്രശേഖറിന് എന്ത് പറ്റി എന്ന് ചോദ്യക്കേണ്ട കാര്യമില്ല. അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണമെന്നു കേന്ദ്ര ഏജൻസികൾ അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തെ ഒറ്റപ്പെട്ട സംഭവമായി കാണാതെ ഒരു രാജ്യത്തിന്‍റെ പൊതുവായ സംഭവമായി കാണണം.
ഒരു വിടുവായൻ പറയേണ്ട കാര്യങ്ങൾ ഒരു കേന്ദ്രമന്ത്രിയിൽ നിന്ന് ഉണ്ടാകേണ്ടതല്ല. അദ്ദേഹത്തിന്‍റെ കൂട്ടാളികളും പലതും പ്രചരിപ്പിക്കുന്നു. അദ്ദേഹത്തിന് കേരളത്തെയും എൽഡിഎഫിനെയും കുറ്റം പറയേണ്ടതുണ്ട്. എന്നെ വ്യക്തിപരമായും കുറ്റപ്പെടുത്താൻ താൽപര്യം ഉണ്ടാകും. എന്നാൽ കേരളത്തിന്‍റെ പൊതു താൽപര്യമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതികരണം വന്ന ശേഷമാണ് ഇന്ന് രാവിലെ കേന്ദ്രമന്ത്രിക്ക് എതിരെ എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തത്.