മുംബൈ: കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്കെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആർടി-പിസിആർ പരിശോധനാ ഫലമാണ് വിമാന യാത്രക്കാർക്ക് വേണ്ടത്. മഹാരാഷ്ട്രയിലേക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. നെഗറ്റീവ് ഫലമുള്ളവർക്ക് യാത്ര ചെയ്യാം. മഹാരാഷ്ട്രയിൽ എത്തുന്നവരെ വിമാനത്താവളങ്ങളിൽ ആർ ടി - പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കും. അതിന്‍റെ ചെലവ് യാത്രക്കാരൻ വഹിക്കണം.
ട്രെയിനിൽ യാത്ര ചെയ്യുന്നവർ മഹാരാഷ്ട്രയിലേക്ക് പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് കൈയിൽ കരുതേണ്ടത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയവർക്ക് യാത്ര ചെയ്യാവുന്നതാണ്. അതേസമയം ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അവർക്ക് ആന്‍റിജൻ പരിശോധന നടത്തും. ഫലം പോസിറ്റീവാണെങ്കിൽ അവരെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും.