എറണാകുളം: കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹർജി തള്ളി കേരള ഹൈക്കോടതി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഹൈക്കോടതി, കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഒരു ലക്ഷം രൂപ പിഴ അടക്കാനും നിർദേശിച്ചു.
പീറ്റർ മൈലിപ്പറമ്പിൽ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഹർജി രാഷ്‌ട്രീയ പ്രേരിതമാണെന്നും പ്രസിദ്ധിയുണ്ടാക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ വിമർശിച്ചു.
ആറ് ആഴ്‌ചക്കകം കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെഇഎൽഎസ്എ) പിഴ അടക്കണമെന്നാണ് ഹൈക്കോടതി നിർദേശം. നിശ്ചിത സമയപരിധിക്കുള്ളിൽ പിഴ അടക്കാൻ സാധിക്കാതെ വന്നാൽ ഹർജിക്കാരന്‍റെ ആസ്‌തികളിൽ നിന്നും കെഇഎൽഎസ്എക്ക് തുക വീണ്ടെടുക്കാമെന്നും കോടതി അറിയിച്ചു. നിയമവ്യവസ്ഥയുടെ സമയം പാഴാക്കുന്ന ഇത്തരം നിസാര ഹർജികൾ കോടതി പരിഗണിക്കില്ലെന്ന് ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താനാണ് പിഴ ചുമത്തുന്നതെന്ന് കോടതി വിധിയിൽ പറയുന്നു.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹർജി രാജ്യത്തെ ഒരു പൗരനിൽ നിന്നും പ്രതീക്ഷിച്ചതല്ല. ആയിരക്കണക്കിന് ക്രിമിനൽ, സിവിൽ, ദാമ്പത്യവുമായി ബന്ധപ്പെട്ട കേസുകൾ എന്നിവ വിധി പ്രഖ്യാപനത്തിനായി കെട്ടിക്കിടക്കുമ്പോൾ ഇത്തരത്തിലുള്ള നിസാര ഹർജികൾ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ഹൈക്കോടതി വിമർശിച്ചു.
രാജ്യത്തെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ ഉൾക്കൊള്ളിക്കുന്നതിലെ തെറ്റ് എന്താണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയെ ഓർത്ത് ലജ്ജിക്കുന്നതെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. എല്ലാവർക്കും വ്യത്യസ്ത രാഷ്‌ട്രീയ വീക്ഷണങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ അദ്ദേഹം ഇപ്പോഴും നമ്മുടെ പ്രധാനമന്ത്രിയാണെന്നും കോടതി പറഞ്ഞു.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സ്വകാര്യ ഇടമാണെന്നും പ്രധാനമന്ത്രിയുടെ ചിത്രം ഉൾക്കൊള്ളിക്കുന്നത് വഴി വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയുമാണെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. പ്രവൃത്തി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാരൻ വാദിച്ചു.