ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പ്രവര്‍ത്തനത്തിനായി 1939ലെ ഗേറ്റ് പ്രവര്‍ത്തന ഷെഡ്യൂളാണ് തമിഴ്‌നാട് ഇപ്പോഴും പിന്തുടരുന്നതെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇത് പ്രളയകാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്നും കേരളം ആരോപിച്ചു. പുതിയ ഗേറ്റ് പ്രവര്‍ത്തന ഷെഡ്യൂള്‍ വേണമെന്ന ആവശ്യവും കേരളം മുന്നോട്ടുവെച്ചു. അടുത്തിടെ കേന്ദ്ര ജലകമ്മീഷൻ ഇൻസ്ട്രുമെന്‍റേഷൻ ഡയറക്ടർ നടത്തിയ പരിശോധനയിൽ അണക്കെട്ടിലെ 70 ശതമാനം ഉപകരണങ്ങളും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതായും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2014ല്‍ അണക്കെട്ടിനായി പുതിയ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ വേണമെന്ന് കേരളം സുപ്രീം കോടതി നിയമിച്ച മേല്‍നോട്ട സമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം പുതിയ ഷെഡ്യൂള്‍ തയ്യാറാക്കാനും ശേഷം അതിന്‍റെ കരട് കേരളത്തിന് കൈമാറാനും നിര്‍ദേശം നല്‍കിയിരുന്നു. പക്ഷെ നിര്‍ദേശം ഇതുവരെ തമിഴ്‌നാട് പാലിച്ചിട്ടില്ലെന്നും കേരളം സുപ്രീംകോടതിയില്‍ ആരോപിച്ചു. അന്തിമ ഓപ്പറേഷൻ ഷെഡ്യൂൾ തയ്യാറാകുന്നതിന് മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് താമസിക്കുന്നവരുടെ സുരക്ഷ, മേൽനോട്ട സമിതി കണക്കിലെടുക്കണമെന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ മുഴുവൻ വിവരങ്ങളും തമിഴ്‌നാട് കൈമാറണമെന്നും ഇത് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായകരമാകുമെന്നും കേരളത്തിന്‍റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയിട്ട് 125 വര്‍ഷത്തിന് മുകളിലായി. 1895 ഒക്‌ടോബര്‍ 10ന് വൈകിട്ട് ആറിനാണ് ആദ്യമായി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോയിത്തുടങ്ങിയത്. അന്നത്തെ മദ്രാസ് ഗവര്‍ണര്‍ വെന്‍ ലോക്കാണ് തേക്കടി ഷട്ടര്‍ തുറന്നത്. തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖലയുടെ നിലനില്‍പ്പ് തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് മുമ്പോട്ട് പോകുന്നത്. കൃഷിക്ക് പുറമെ വൈദ്യുതിക്കായും അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. പീരുമേട് താലൂക്കില്‍പ്പെട്ട കുമളി പഞ്ചായത്ത് പ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ട് തമിഴ്‌നാടിന് പാട്ട വ്യവസ്ഥയില്‍ നല്‍കിയിരിക്കുകയാണ്.