കന്യാകുമാരി: കന്യാകുമാരിയിലെ തിട്ടവിളയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിൽ മുഹമ്മദ് എന്ന 12കാരന്‍റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം സ്വദേശിയായ മുഹമ്മദ് നജീബിന്‍റെയും തിട്ടുവിള സ്വദേശിയായ സുചിതയുടെയും മകനെയാണ് ദിവസങ്ങൾക്ക് മുൻപ് തിട്ടുവിളയിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പെരുന്നാൾ ആഘോഷിക്കാനാണ് ആദിൽ മുഹമ്മദ് തിട്ടവിളയിലെ മാതാവിന്‍റെ കുടുംബവീട്ടിൽ പോയത്.
ഉമ്മയുടെയും സഹോദരങ്ങളുടേയും ഒപ്പമായിരുന്നു യാത്ര. തൊട്ടടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാൻ പോയ ആദിലിനെ മെയ് ആറാം തീയതി വൈകിട്ടാണ് കാണാതാകുന്നത്.
രണ്ട് ദിവസം പൊലീസും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ ആദിലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കിയതിന് സമാനമായ പാട്, നട്ടെല്ലിന്റെ ഭാഗത്ത് ക്ഷതമേറ്റ പാട് എന്നിവ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയാതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സമീപത്തെ സിസിടിവിയിൽ ചുവപ്പ് ഷർട്ട് ധരിച്ച ഒരു കുട്ടി ആദിലിനെ എവിടേക്കോ കൂട്ടിക്കൊണ്ട് പോകുന്നതായും തനിയെ തിരികെ വരുന്നതായും പൊലീസ് കണ്ടെത്തി.
ദിവസങ്ങൾ കഴിഞ്ഞും കേസിൽ പുരോഗതി ഇല്ലാതായതിനെ തുടർന്ന് കുട്ടിയുടെ അച്ഛൻ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസിൽ അന്വേഷണം ഊർജിതമാക്കണമെന്നും കുട്ടിയുടെ മരണം കൊലപാതകമാണെങ്കിൽ എത്രയും വേഗം പ്രതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചത്.
കേസന്വേഷണം പൊലീസിൽ നിന്നും സിബിസിഐഡിയ്ക്ക് കൈമാറണമെന്ന് കേരളത്തിൽ നിന്നുള്ള മന്ത്രിമാരും എംപിമാരും തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്.
Also Read: നാഗർകോവിലിൽ മലയാളി ബാലന്‍റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം