ഫരീദബാദ്( ഹരിയാന): ഹരിയാനയിലെ സൂരജ്‌കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേളയില്‍ പ്രശംസ പിടിച്ച് പറ്റുകയാണ് കേരളത്തില്‍ നിന്നുള്ള രാധകൃഷ്ണ പിള്ളയുടെ വൈക്കോലില്‍ തീര്‍ത്ത മനോഹരമായ ചിത്രങ്ങള്‍. മേളയില്‍ അദ്ദേഹത്തിന്‍റെ സ്റ്റാളില്‍ സന്ദര്‍ശകരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്.
തന്‍റെ ജ്യേഷ്ഠ സഹേദരാനാണ് ഈ ചിത്രവരയില്‍ തന്നെ കൈപിടിച്ച് കൊണ്ടുവന്നതെന്ന് രാധാകൃഷ്‌ണ പിള്ള പറഞ്ഞു. പെന്‍സില്‍ ഉപയോഗിച്ച് തുണിയില്‍ ആദ്യം ലേ ഔട്ട് വരയ്ക്കും. അതിന് ശേഷം വൈക്കോല്‍ വെട്ടി ചില മരങ്ങളില്‍ നിന്ന് എടുക്കുന്ന പശ ചേര്‍ത്ത് അവ ലേ ഔട്ടില്‍ പതിപ്പിക്കുന്ന രീതിയാണ് രാധാകൃഷ്‌ണന്‍ അവംലംബിക്കുന്നത്.
കഴിഞ്ഞ 42 വര്‍ഷമായി ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുകയാണ് രാധകൃഷ്ണന്‍. ഒരു ചിത്രം വൈക്കോലില്‍ വരച്ചെടുക്കാന്‍ നാല് മുതല്‍ അഞ്ച് വരെ ദിവസമെടുക്കുമെന്ന് രാധകൃഷ്ണന്‍ പറഞ്ഞു. വലിയ ചിത്രങ്ങളാണെങ്കില്‍ 25 ദിവസം വരെയെടുക്കും.
പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ മാത്രമെ ഈ ചിത്ര നിര്‍മാണത്തില്‍ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ തന്‍റെ ചിത്രങ്ങള്‍ പ്രകൃതി സൗഹൃദമാണെന്ന് രാധകൃഷ്ണന്‍ പറയുന്നു. അമ്പത് രൂപ മുതല്‍ 32,000 രൂപവരെയാണ് രാധാകൃഷ്‌ണന്‍റെ ചിത്രങ്ങളുടെവില.
പുരാണങ്ങളിലെ കഥാപാത്രങ്ങളേയും സ്വാതന്ത്ര്യ സമര സേനാനികളേയും രാഷ്ട്രീയ നേതാക്കളെയുമൊക്കെയാണ് രാധകൃഷ്‌ണന്‍ ചിത്രങ്ങള്‍ക്ക് വിഷയമാക്കുന്നത്. വിളെടുപ്പിന് ശേഷമുള്ള വൈക്കോല്‍ അടക്കമുള്ള കാര്‍ഷിക അവശിഷ്ടങ്ങള്‍ ഹരിയാനയിലും പഞ്ചാബിലുമൊക്കെ വലിയ മലിനീകരണത്തിന് കാരണമാകുന്നവയാണ്. എന്നാല്‍ രാധ കൃഷണനെ സംബന്ധിച്ച് വൈക്കോല്‍ തന്‍റെ സര്‍ഗ സൃഷ്ടിയുടെ അസംസ്കൃത വസ്തുവാണ്.
കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷം സൂരജ്‌കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേള മുടങ്ങിയിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കരകൗശല കലകാരന്‍മാര്‍ക്ക് മേള വേദിയൊരുക്കുന്നു. ജമ്മു കശ്മീരിന്‍റെ കരകൗശല തനിമയാണ് മേളയിലെ ഈ വര്‍ഷത്തെ തീം.
ALSO READ: "ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല": വിനായകന്‍റെ പരാമര്‍ശത്തെക്കുറിച്ച് നവ്യ