ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഡല്‍ഹി മെട്രോ സര്‍വീസും തിങ്കളാഴ്ച മുതൽ നിർത്തിവച്ചിരിക്കുകയാണെന്ന് ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാല്‍ ഏപ്രില്‍ 20 മുതല്‍ രാജ്യ തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം കഴിഞ്ഞ 2-3 ദിവസങ്ങളിൽ, പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറഞ്ഞതായി കെജ്‌രിവാള്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കാനും, ഓക്സിജന്‍, ആശുപത്രിക്കിടക്കകള്‍ എന്നിവ കൃത്യമായി കൈകാര്യം ചെയ്യാനും സര്‍ക്കാരിന് സാധിച്ചു. നിലവില്‍ ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ഡൽഹിയിലെ ലോക്ക്ഡൗണിന് പിന്തുണയുമായി വ്യാപാരി സംഘടനകൾ
വാക്സിനേഷന്‍റെ മൂന്നാം ഘട്ടത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. വാക്സിന് ക്ഷാമം നേരിടുന്നുണ്ട്. ഇതിനായി കേന്ദ്ര സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,364 പുതിയ കൊവിഡ് കേസുകളും 332 മരണങ്ങളും ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 87,907 സജീവ കേസുകളും 19,071 മരണങ്ങളും ഉൾപ്പെടെ ആകെ 13,10,231 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 23.34 ശതമാനവും മരണനിരക്ക് 1.46 ശതമാനവുമാണ്.