ഹൈദരാബാദ്: ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് പുതിയ പാര്‍ട്ടി രൂപീകരണത്തില്‍ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനുമായ കെ ചന്ദ്രശേഖർ റാവു. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. അധികം വൈകാതെ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും കെസിആറിന്‍റെ ഓഫിസില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കെസിആറിനെ സന്ദർശിച്ചിരുന്നു. കെസിആറിന്‍റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിവല്‍ എത്തിയാണ് കുമാരസ്വാമി കൂടിക്കാഴ്‌ച നടത്തിയത്. തെലങ്കാനയുടെ വികസനം, ദേശീയ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികളുടെ പങ്ക്, നിലവിലെ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിൽ കെസിആർ വഹിക്കേണ്ട പ്രധാന പങ്ക്, മറ്റ് ദേശീയ രാഷ്ട്രീയ വിഷയങ്ങൾ എന്നിവയെക്കുറിച്ച് കുമാരസ്വാമിയും കെസിആറും ചർച്ച ചെയ്‌തു.
പ്രസ്‌തുത കൂടിക്കാഴ്‌ചക്ക് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് കെസിആറിന്‍റെ പ്രസ്‌താവന. ടിആർഎസ് വർക്കിങ് പ്രസിഡന്‍റും മന്ത്രിയുമായ കെ ടി രാമറാവുവിനെയും കുമാരസ്വാമി സന്ദര്‍ശിച്ചിരുന്നു. പ്രധാന ദേശീയ വിഷയങ്ങൾക്ക് പുറമെ കർണാടക, തെലങ്കാന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചർച്ച ചെയ്‌തിട്ടുണ്ട്.
'കെടിആർ നൽകിയ ആതിഥ്യ മര്യാദയിലും സ്‌നേഹത്തിലും ഞാൻ മതിമറന്നു,' കൂടിക്കാഴ്‌ചക്ക് ശേഷം കുമാരസ്വാമി ട്വീറ്റ് ചെയ്‌തു. ബിജെപി ഭരണത്തില്‍ നിരവധി പോരായ്‌മകള്‍ ഉണ്ടെന്നും രാജ്യത്തിന്‍റെ നല്ല ഭാവിക്കുവേണ്ടി ബിജെപി മുക്ത ഭാരതം കെട്ടിപ്പടുക്കണം എന്നും ആഹ്വാനം ചെയ്‌ത് കെസിആര്‍ നിതീഷ് കുമാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ ജെഡി(എസ്) തലവനും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡയുമായും വിവിധ വിഷയങ്ങളിൽ കെസിആര്‍ ചർച്ച നടത്തിയിരുന്നു.