മുംബൈ : മഹാരാഷ്‌ട്രയില്‍ നിര്‍ണായക 'തന്ത്രങ്ങള്‍' പ്രാവര്‍ത്തികമാക്കാന്‍, തെലങ്കാന മുഖ്യമന്ത്രിയും ഭരണകക്ഷിയായ ഭാരത് രാഷ്‌ട്ര സമിതിയുടെ (ബിആർഎസ്) അധ്യക്ഷനുമായ കെ ചന്ദ്രശേഖർ റാവു. ഈ സംസ്ഥാനത്തെ പാർട്ടി അടിത്തറ വിപുലീകരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി 600 വാഹനങ്ങളുടെ അകമ്പടിയോടെയാണ് കെസിആറിന്‍റെ മഹാരാഷ്‌ട്ര സന്ദര്‍ശനം. എന്നാല്‍, മറ്റൊരു സംസ്ഥാനത്ത് ബിആര്‍എസിന് വേരോട്ടമുണ്ടാക്കാനുള്ള ശ്രമം ശക്തമാക്കവെ സ്വന്തം തട്ടകത്തില്‍ തിരിച്ചടിയാണ് കെഎസിആറിന് നേരിടേണ്ടി വന്നത്.
തെലങ്കാന മുൻ മന്ത്രി ജുപള്ളി കൃഷ്‌ണ റാവു, മുൻ എംപി പൊംഗുലേട്ടി ശ്രീനിവാസ് റെഡ്ഡി ഉള്‍പ്പടെയുള്ള ബിആർഎസ് നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ആ പാര്‍ട്ടിക്ക് പ്രഹരമായി മാറിയത്. അതേസമയം, മഹാരാഷ്‌ട്രയിലെ കെസിആറിന്‍റെ നീക്കങ്ങള്‍ എൻസിപി സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ട്. എൻസിപിയിൽ നിന്നുള്ള ജനപ്രിയ നേതാവ് ബിആർഎസിൽ ചേര്‍ന്നേക്കുമെന്നും ഈ പരിപാടിയ്‌ക്ക് കൂടിയാണ് കെസിആർ മഹാരാഷ്‌ട്രയില്‍ എത്തുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം.
ഒപ്പം മന്ത്രിമാരുടേയും എംപിമാരുടേയും 'പട': കെസിആറിന്‍റെ 'മഹാസന്ദർശനം' പ്രത്യേക രാഷ്‌ട്രീയ നീക്കത്തിന്‍റെ ഭാഗമാണോ എന്നത് സംബന്ധിച്ച് ബിആർഎസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. തെലങ്കാനയിലെ മന്ത്രിമാര്‍, എംപിമാർ, എംഎൽസിമാർ, എംഎൽഎമാർ, പാർട്ടി മുതിർന്ന നേതാക്കൾ എന്നിവര്‍ ഉള്‍പ്പടെയാണ് കെസിആറിന്‍റെ വാഹന വ്യൂഹത്തില്‍ ഉള്ളത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് കെസിആര്‍ മഹാരാഷ്‌ട്രയില്‍ എത്തിയത്.
സംസ്ഥാനത്തെ സോലാപൂരിനടുത്തുള്ള പാണ്ഡർപൂർ പട്ടണത്തിലെ വിത്തൽ പ്രഭു ക്ഷേത്രത്തിലും ഒസ്‌മാനാബാദിലെ തുൾജ ഭവാനി ദേവി ക്ഷേത്രത്തിലും കെസിആര്‍ സന്ദര്‍ശനം നടത്തും. കഴിഞ്ഞ വർഷം ഡിസംബറിൽ ടിആർഎസിനെ ബിആർഎസ് എന്ന് പുനർനാമകരണം ചെയ്‌ത ശേഷം, കെസിആർ അയൽ സംസ്ഥാനമായ മഹാരാഷ്‌ട്രയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള സജീവ നീക്കത്തിലാണ്.
കെസിആറിന് തിരിച്ചടിയായി 'കൊഴിഞ്ഞുപോക്ക്' : കർണാടകയിലെ ഉജ്വല വിജയത്തിന് ശേഷം തെലങ്കാന പിടിക്കാനുള്ള സജീവ നീക്കത്തിലാണ് കോൺഗ്രസ്. ഇതിന്‍റെ ഭാഗമായി തെലങ്കാന ഭരിക്കുന്ന ഭാരത് രാഷ്‌ട്ര സമിതിയില്‍ (ബിആർഎസ്) നിന്ന് നിരവധി പ്രധാന നേതാക്കളെ സ്വന്തം തട്ടകത്തില്‍ എത്തിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. തെലങ്കാന മുൻ മന്ത്രി ജുപള്ളി കൃഷ്‌ണ റാവു, മുൻ എംപി പൊംഗുലേട്ടി ശ്രീനിവാസ് റെഡ്ഡി ഉള്‍പ്പടെയുള്ള ബിആർഎസ് നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഇന്ന് ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി എന്നിവര്‍ മുന്‍ ബിആര്‍എസ് നേതാക്കളെ, അംഗത്വം നല്‍കി സ്വീകരിച്ചു. ബിആര്‍എസ് നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തിയതോടെ ആകെയുള്ള 119 നിയമസഭ സീറ്റുകളിൽ 80 എണ്ണമെങ്കിലും നേടാനാണ് സംസ്ഥാന കമ്മിറ്റിക്ക് ഖാർഗെ നല്‍കിയ നിര്‍ദേശം. ജൂൺ 27ന് എഐസിസി നേതൃത്വം, മുതിർന്ന സംസ്ഥാന നേതാക്കളുമായി തെലങ്കാന തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ അവലോകനം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.