ഹൈദരാബാദ് : ദസറ ദിനത്തിൽ ദേശീയ പാർട്ടി പ്രഖ്യാപിക്കാന്‍ ടിആർഎസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു. ഒക്‌ടോബർ അഞ്ചിന് സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് കെസിആർ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, പാർട്ടി നേതാക്കൾ തുടങ്ങിയവരോട് സംസ്ഥാനതല യോഗത്തിൽ പങ്കെടുക്കാൻ ടിആർഎസ് ഉന്നത നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ദേശീയ പാർട്ടി രൂപീകരണം സംബന്ധിച്ച് ഐകകണ്‌ഠേന പ്രമേയം പാസാക്കുമെന്നാണ് ടിആർഎസ് വൃത്തങ്ങൾ പറയുന്നത്. കെസിആർ ഇക്കാര്യത്തിൽ അനുമതി നൽകിക്കഴിഞ്ഞു.
നിലവിലെ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) ദേശീയ പാർട്ടിയായി മാറും. 'ഭാരത് രാഷ്‌ട്ര സമിതി' എന്നതടക്കമുള്ള പേരുകൾ ഇതിനായി പരിഗണനയിലുണ്ടെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. ദേശീയ പാർട്ടിയെ സംബന്ധിച്ച പ്രമേയം തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരത്തിനായി അയക്കും.
നിലവിലെ ടിആർഎസിന്‍റെ ചിഹ്നമായ കാർ പുതിയ പാർട്ടിയ്ക്കും നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിച്ചേക്കും. കൂടാതെ പാർട്ടിയുടെ പതാക അന്തിമമായതായാണ് റിപ്പോർട്ട്. പാർട്ടിക്ക് അംഗീകാരം ലഭിച്ച ശേഷം തെലങ്കാനയിലോ ഡൽഹിയിലോ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ അജണ്ട വെളിപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.