ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പുതിയ ദേശീയ പാർട്ടി പ്രഖ്യാപിച്ചു. ഇന്ന് (05.10.22) ഉച്ചയ്ക്ക് 1.19 ന് മുഹൂർത്തം നോക്കിയാണ് പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്. 'ഭാരത രാഷ്‌ട്ര സമിതി' എന്നാണ് ദേശീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. 'തെലങ്കാന രാഷ്‌ട്ര സമിതി - TRS' എന്ന പ്രാദേശിക പാര്‍ട്ടിയുടെ പേര് 'ഭാരത രാഷ്‌ട്ര സമിതി' എന്നാക്കി പുനർ നാമകരണം ചെയ്യുകയായിരുന്നു.
നൂറിലധികം പേരുകൾ പരിശോധിച്ച ശേഷമാണ് ചൊവ്വാഴ്‌ച (ഒക്‌ടോബർ 04) രാത്രിയോടെ പേര് തെരഞ്ഞെടുത്തത്. ഇന്ന് ഉച്ചയ്‌ക്ക് തെലങ്കാന ഭവനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പാർട്ടി അധ്യക്ഷൻ കെസിആർ പേരുമാറ്റം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. 283 അംഗങ്ങൾ പുതിയ പേരിന് ഏകകണ്‌ഠമായ അംഗീകാരം നൽകിയതോടെ ഉച്ചയ്ക്ക് 1.19 ന് കെസിആർ പ്രമേയത്തിൽ ഒപ്പിട്ട് പുതിയ പാർട്ടി അവതരിപ്പിച്ചത്.
കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി, തമിഴ്‌നാട് വിസികെ പാർട്ടി അധ്യക്ഷൻ എംപി തിരുമാവളവൻ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു. പാർട്ടിയുടെ പേര് ടിആർഎസിനു പകരം ഭാരത രാഷ്‌ട്ര സമിതി എന്നാക്കി മാറ്റാനുള്ള തീരുമാനത്തിൽ പാസാക്കിയ പ്രമേയവുമായി തെലങ്കാന സംസ്ഥാന ആസൂത്രണ കമ്മിഷൻ വൈസ് പ്രസിഡന്‍റ് വിനോദ് കുമാർ, ശ്രീനിവാസ് റെഡ്ഡി എന്നിവർ വ്യാഴാഴ്‌ച (ഒക്‌ടോബർ 06) ഡൽഹിയിലേക്ക് പോകും.
പാർട്ടിയുടെ പേര് മാറ്റുന്നത് സംബന്ധിച്ച പ്രമേയത്തിന് അനുമതി തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. പാർട്ടിയുടെ പേരിൽ എതിർപ്പുകൾ ഉന്നയിക്കാൻ ഒരു മാസത്തെ സമയം നൽകും. എതിർപ്പുകൾ ഇല്ലെങ്കിൽ പേര് സ്വീകരിക്കും.