കൊച്ചി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ഡല്‍ഹി പൊലീസെത്തിയത് അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഡല്‍ഹി പൊലീസിലെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത് അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമഫലമാണെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. അതേസമയം ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിനിടെ പരാമര്‍ശിച്ച 'ലൈംഗിക പീഡനത്തിനിര'യായവരുടെ വിവരങ്ങള്‍ തേടി ഇന്ന് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധി എംപിയുടെ വസതിയിലെത്തിയിരുന്നു.
വിരട്ടാന്‍ നോക്കേണ്ട: അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള തന്ത്രങ്ങളാണിവ. മോദിയും അദാനിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകൾ സഹിതം വിഷയം രാഹുൽ ഗാന്ധി ഉന്നയിച്ച ആദ്യ ദിവസം തന്നെ അവര്‍ രാഹുലിനെ ഉപദ്രവിക്കാനും ഭയക്കാനും തുടങ്ങി. രാഹുൽ ഗാന്ധി ബിജെപിയെ പേടിയില്ലാത്ത ആളാണെന്ന് അവര്‍ക്ക് ഇതുവരെ അറിയില്ലായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ അവര്‍ മറുപടി നല്‍കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അദാനി അഴിമതിയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യത്തിൽ വളരെ പ്രസക്തമായ ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ഉയര്‍ത്തിയത്. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് ഉത്തരം നല്‍കാത്തതെന്നും മറുപടിക്ക് പകരം അവര്‍ രാഹുല്‍ ഗാന്ധിയെ വിരട്ടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദാനിയെ വിടാന്‍ ഉദ്യേശമില്ല: ജമ്മു കശ്‌മീരില്‍ നടത്തിയ പ്രസംഗത്തെ സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഇതിനോടകം ഡല്‍ഹി പൊലീസിന് തന്‍റെ നിലപാട് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് രണ്ട് തവണ അദ്ദേഹത്തെ സമീപിക്കുകയും ചെയ്‌തു. എന്താണവരുടെ ഉദ്യേശം? എന്താണ് അവര്‍ക്ക് വേണ്ടത്? അവര്‍ക്ക് രാഹുല്‍ ഗാന്ധിയെ അറസ്‌റ്റ് ചെയ്യേണമോ എന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു. അദാനി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിക്കാനും അദ്ദേഹം മറന്നില്ല.
നിലവില്‍ ഏകാധിപത്യമാണ് നമ്മുടെ രാജ്യത്ത് പരമപ്രധാനം. ജനാധിപത്യമൂലങ്ങള്‍ ഒട്ടുമില്ല. പാര്‍ലമെന്‍റിന് മൂല്യമില്ലെന്നും ഭരണഘടനയ്‌ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും വിലയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. എല്ലാം തച്ചുടക്കുകയാണെന്നും ഇത് ആര്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. ഇതെല്ലാം തന്നെ അദാനിയെ സംരക്ഷിക്കാനാണെന്നും അവര്‍ യഥാര്‍ഥ വസ്‌തുതകള്‍ മറച്ചുവയ്‌ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തുതന്നെ ആയാലും സത്യം പുറത്തുവരുന്നതുവരെ തങ്ങൾ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശനം വിവരശേഖരണത്തിന്: അതേസമയം രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയ ശേഷം സ്‌പെഷ്യല്‍ കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തങ്ങള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ എത്തിയതാണെന്നും ഹൂഡ വ്യക്തമാക്കി. ജനുവരി 30 ശ്രീനഗറില്‍ വച്ച് അദ്ദേഹം നടത്തിയ പ്രസ്‌താവനയില്‍ യാത്രയ്ക്കിടെ താൻ നിരവധി സ്‌ത്രീകളെ കണ്ടുവെന്നും അവർ തന്നോട് ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പറഞ്ഞതായും അദ്ദേഹം അറിയിച്ചിരുന്നു. ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനായി തങ്ങൾ അദ്ദേഹത്തില്‍ നിന്ന് വിശദാംശങ്ങൾ തേടാന്‍ ശ്രമിക്കുകയാണെന്നും കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ കൂട്ടിച്ചേര്‍ത്തു.