ആലപ്പുഴ: പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഡൽഹിയിലേക്ക് തിരിച്ചു. സംഘടന കാര്യങ്ങളുടെ ഭാഗമായുള്ള യോഗത്തിനായാണ് ഡൽഹിയിലേക്ക് വരാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടതെന്നാണ് വേണുഗോപാലിനോടടുത്ത വൃത്തങ്ങൾ പറയുന്നത്.
രാഹുൽ ഗാന്ധിയോടൊപ്പം ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയായിരുന്നു വേണുഗോപാൽ. കന്യാകുമാരിയിൽ നിന്ന് സെപ്‌റ്റംബർ 7ന് ഭാരത് ജോഡോ യാത്ര തുടങ്ങിയതിന് ശേഷം ആദ്യമായാണ് വേണുഗോപാൽ യാത്രയിൽ നിന്നും മാറിനിൽക്കുന്നത്.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് അനുമതി നൽകിയിരുന്നു. ഇന്നലെ(19.09.2022) ശശി തരൂർ സോണിയ ഗാന്ധിയെ നേരിൽ കണ്ട് അനുമതി വാങ്ങുകയായിരുന്നു. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി താൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് തരൂർ സോണിയ ഗാന്ധിയെ അറിയിച്ചതെന്നാണ് വൃത്തങ്ങൾ പറയുന്നത്.
തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന് സോണിയ മറുപടിയും നൽകി. ഇതിനു പിന്നാലെയാണ് വേണുഗോപാലിനെ സോണിയ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഒക്‌ടോബർ 17നാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പേരും മത്സരിക്കുന്നവരുടെ പട്ടികയിൽ ഉയർന്നുകേൾക്കുന്നുണ്ട്.
Also Read: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: ഏറ്റുമുട്ടാന്‍ അശോക് ഗെലോട്ടും ശശി തരൂരും