എറണാകുളം : പാർട്ടി വിട്ട ആരെയും കുറ്റപ്പെടുത്താനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്തുണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ പാർട്ടി വിട്ടതിന് പിന്നാലെയാണ് പ്രതികരണം.
കപിൽ സിബലിന്‍റെ രാജിക്കത്തില്‍ കോണ്‍ഗ്രസിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ എഐസിസി ജനറൽ സെക്രട്ടറി, രാജിയെ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ മറ്റ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. രണ്ട് ദിവസം മുമ്പ് ഹരിയാനയിൽ എട്ട് മുൻ എംഎൽഎമാർ പാർട്ടിയിൽ ചേർന്നു. എന്നാൽ ഇത്തരം വാർത്തകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
ദേശീയ രാഷ്‌ട്രീയത്തിൽ കോണ്‍ഗ്രസിന്‍റെ ഇടം വലുതാണ്. പാർട്ടി പുനഃസംഘടിപ്പിക്കും. ഓരോ വ്യക്തികൾക്കും പ്രത്യേക ഉത്തരവാദിത്തങ്ങൾ നൽകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ കഴിവുള്ള ഒരേയൊരു പാർട്ടി കോൺഗ്രസ് ആണ്. കൂടുതൽ യുവമുഖങ്ങളെ നേതൃത്വത്തിലേക്ക് ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. കേന്ദ്ര ഏജൻസികളെ അഴിച്ചുവിടുന്ന ബിജെപിയെ രാഷ്‌ട്രീയമായി നേരിടുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.