ശ്രീനഗർ: ചരിത്രം സൃഷ്ടിച്ച് കശ്മീരി സൈക്ലിസ്റ്റ് ആദിൽ ടെലി. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള 3600 കിലോമീറ്റർ ആണ് വെറും എട്ട് ദിവസം, ഒരു മണിക്കൂർ, 37 മിനിറ്റ് സമയപരിധിക്കുള്ളിൽ രേഖപ്പടുത്തിയത്.
പരുക്കൻ ഭൂപ്രദേശങ്ങൾ, കഠിനമായ കാലാവസ്ഥ, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് ആദിൽ എന്ന ചെറുപ്പക്കാരന്‍ ഓം മഹാജന്‍റെ മുന്‍ റെക്കോഡ് തകർത്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടം പിടിച്ചത്.
മാർച്ച് 22ന് ശ്രീനഗറിലെ ലാൽ ചൗക്ക് പ്രദേശത്തെ കശ്മീർ ഡിവിഷണൽ കമ്മിഷണർ പാണ്ഡുരങ് കെ പോൾ ഫ്ലാഗ് ഓഫ് ചെയ്തതോടെ യുവ സൈക്ലിസ്റ്റ് ആദിൽ യാത്ര ആരംഭിച്ചു. സൈക്ലിങില്‍ അഭിനിവേശമുള്ള ആദിൽ ഇതിന് മുന്‍പും ശ്രീനഗറിൽ നിന്ന് ലേയിലേക്കുള്ള 440 കിലോമീറ്റർ ദൂരം വെറും 26 മണിക്കൂർ, 30 മിനിറ്റിനുള്ളിൽ റെക്കോർഡ് സ്ഥാപിച്ചിരുന്നു.
അർപ്പണബോധം, അഭിനിവേശം, ധൈര്യം, ശരിയായ പരിശീലനം എന്നിവയാണ് ആദിലിന്‍റെ നേട്ടത്തിന് സഹായകമായത്. അമൃത്സറിലെ ഗുരുനാനക് ദേവ് സർവകലാശാലയിൽ കോച്ച് രാജേഷിന്‍റെ കീഴിലായിരുന്നു പരിശീലനം. സനന്ത് നഗർ എൻഎച്ച് 44, കാസിഗണ്ട്, ന്യൂ ടണൽ ബനിഹാൽ, നസ്രി ടണൽ, ലഖാപൂർ, പത്താൻകോട്ട്, ജലന്ദർ, ലുധിയാന, ഡല്‍ഹി, ആഗ്ര, ഗ്വാളിയോർ, ജാൻസി, നാഗ്പൂർ, ഹൈദരാബാദ്, ഗുട്ടി, ബാംഗ്ലൂർ, മധുര, കന്യാകുമാരി എന്നിവയാണ് ആദിൽ ഇതുവരെ യാത്ര ചെയ്ത സംസ്ഥാനങ്ങൾ.