കരൂര്‍ (തമിഴ്‌നാട്): സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തി മടങ്ങവെ ലിഫ്‌റ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. തമിഴ്‌നാട് കരൂര്‍ ജില്ല കലക്‌ട്രേറ്റ് ഓഫിസില്‍ ഇന്ന് (20.08.2022) ആണ് സംഭവം. വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്നാണ് ലിഫ്‌റ്റ് പ്രവര്‍ത്തനം നിലച്ചത്.
കലക്‌ട്രേറ്റ് ഓഫിസ് രണ്ടാം നിലയിലാണ് തൊഴിൽ വകുപ്പ് മന്ത്രി സി വി ഗണേശൻ, വൈദ്യുതി വകുപ്പ് മന്ത്രി സെന്തിൽ ബാലാജി എന്നിവര്‍ പങ്കെടുത്ത പരിപാടി നടന്നത്. പരിപാടിക്ക് ശേഷം ജനപ്രതിനിധികളും, മാധ്യമപ്രവര്‍ത്തകരും ഒന്നാം നിലയിലേക്ക് പോകാന്‍ ഉപയോഗിച്ച വിഐപി ലിഫ്‌റ്റാണ് തകരാറിലായത്. വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്ന് പത്തോളം പേര്‍ ലിഫ്‌റ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
എമര്‍ജന്‍സി താക്കോല്‍ ഉപയോഗിച്ചിട്ടും ലിഫ്‌റ്റ് തുറക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് വിവരം കരൂർ ഫയർ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പത്തോളം അഗ്നിരക്ഷ സേനാംഗങ്ങള്‍ എത്തിയാണ് ലിഫ്‌റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ലിഫ്‌റ്റിന്‍റെ വാതിലുകള്‍ തകര്‍ത്താണ് ഉള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ലിഫ്‌റ്റില്‍ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന വൃദ്ധയെ അധികൃതര്‍ കൂടുതല്‍ ചികിത്സയ്‌ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.