അയോധ്യ : തൊണ്ണൂറുകളില്‍ രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കര്‍സേവകര്‍ ഇനി അയോധ്യയിലെ കര്‍സേവകപുരത്തെ ക്യാന്‍വാസുകളില്‍. ലഖ്‌നൗവില്‍ നിന്നുള്ള കലാകാരന്‍മാരാണ് ഇവരെ ക്യാന്‍വാസുകളിലേക്ക് പകര്‍ത്തുന്നത്. എണ്ണച്ഛായ ചിത്രങ്ങളാണ് ഒരുക്കുന്നത്. ജോലികള്‍ അവസാനഘട്ടത്തിലാണ് എന്നാണ് വിവരം (Karsevakas who lost their lives on canvas).
രാം ലല്ലയുടെ മുറ്റത്ത് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് രാമ ക്ഷേത്ര ട്രസ്റ്റ് ഉദ്ദേശിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് വക്താവ് ശരത് ശര്‍മ്മ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. 1949 മുതല്‍ രാമക്ഷേത്രത്തിനായി നടന്ന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്‌ടമായവരെക്കൂടാതെ 1990കള്‍ മുതല്‍ മരണപ്പെട്ട കര്‍സേവകരുടെയും ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും.
രാമജന്മഭൂമിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമുള്ള സ്ഥലമാണ് കര്‍സേവകപുരം (karsevakapuram). രാമക്ഷേത്ര പ്രക്ഷോഭകാലത്ത് കര്‍സേവകര്‍ക്ക് അഭയമായിരുന്ന ഇടം. അറസ്റ്റിലും പൊലീസ് വെടിവയ്‌പ്പിലും നിന്ന് കര്‍സേവകര്‍ അഭയം പ്രാപിച്ചിരുന്നത് ഇവിടെയാണ്. അന്ന് പേരമരങ്ങള്‍ നിറഞ്ഞ വിജനമായ സ്ഥലമായിരുന്നു ഇത്. കുരങ്ങന്‍മാര്‍ നിറഞ്ഞ ഈ പ്രദേശത്ത് പൊലീസ് പരിശോധന ഒന്നും ഉണ്ടാകുമായിരുന്നില്ല.
ഇപ്പോള്‍ കര്‍സേവകപുരം അയോധ്യയിലെ വിശ്വഹിന്ദുപരിഷത്തിന്‍റെ ആസ്ഥാനമാണ്. വിഎച്ച്പി കാര്യാലയത്തിന് പുറമെ ഒരു അതിഥി മന്ദിരവും ഗോശാലയും സീതാ രസോയി എന്ന ഊട്ടുപുരയും അടക്കമുള്ളവ ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രതിഷ്‌ഠ ചടങ്ങുകളോട് അനുബന്ധിച്ച് ഇവിടം രാമായണ കഥ ചിത്രീകരിക്കും വിധം അലങ്കരിച്ചിട്ടുണ്ട്.
പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികളെ സ്വാഗതം ചെയ്യാനായി വിപുലമായ അലങ്കാരങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്. രാം രാജ് അടക്കമുള്ള സമ്മാനങ്ങളും അതിഥികള്‍ക്ക് നല്‍കും. നാടന്‍ വെണ്ണയിലുണ്ടാക്കിയ മോത്തിച്ചൂര്‍ ലഡുവും അതിഥികള്‍ക്ക് പ്രസാദമായി നല്‍കും.
ഇതിനിടെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങുകളില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സിപിഎം അടക്കമുള്ള നേതാക്കള്‍ ക്ഷണം നിരസിച്ചു. പ്രതിഷ്‌ഠ രാഷ്ട്രീയ പരിപാടി ആണെന്നാരോപിച്ചാണ് നടപടി. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ശങ്കരാചാര്യന്‍മാരും പരിപാടിയെ അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് പ്രതിഷ്‌ഠ നടത്തരുതെന്നാണ് ഇവരുടെ പക്ഷം. ഇതിനെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍. പ്രധാനമന്ത്രി മോദി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും പൂജാരിമാര്‍ക്ക് എതിര്‍പ്പുണ്ട്.
Also Read: രാമക്ഷേത്രം; പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് രാമക്ഷേത്ര ട്രസ്റ്റ്