ബെംഗളൂരു : ഇതര ജാതിയില്‍പ്പെട്ടയാളോടൊപ്പം യുവതി വീട് വിട്ടിറങ്ങിയതിനെ തുടർന്ന് മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്‌തു. കര്‍ണാടകയിലെ ഷിഡ്‌ലഘട്ട താലൂക്കിലെ ഹണ്ടിഗനാലയില്‍ ഇന്ന് (ഒക്‌ടോബര്‍ നാല്) രാവിലെയാണ് സംഭവം. ശ്രീരാമപ്പ (65), സരോജമ്മ (60), മനോജ് (24) എന്നിവരാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : അർച്ചന എന്ന യുവതി ഇതര ജാതിയിൽപ്പെട്ട നാരായണ സ്വാമിയുമായി പ്രണയത്തിലായിരുന്നു. നാരായണ സ്വാമിയെ വിവാഹം ചെയ്യുന്നതിനായി യുവതി വീട് വിട്ടിറങ്ങിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ശ്രീരാമപ്പയുടെ ആത്മഹത്യ കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മരണത്തിന് കാരണം മകളാണെന്നും തന്‍റെ സ്വത്തിൽ നിന്ന് മകൾക്ക് ഒന്നും നല്‍കരുതെന്നുമാണ് കുറിപ്പിലുള്ളത്. യുവതിയുടെ മൂത്ത സഹോദരന്‍ രഞ്ജിത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് കുടുംബാംഗങ്ങള്‍ ആത്മഹത്യ ചെയ്‌തത്. മരിച്ച മനോജ് സഹോദരിക്ക് അയച്ച സന്ദേശവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ശ്രദ്ധിക്കൂ...ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകള്‍ തോന്നുന്ന സമയം സഹായം തേടാന്‍ മടിക്കാതെ വിളിക്കൂ : 9152987821