ബെംഗളൂരു: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കർണാടക സർക്കാർ. ജൂണ്‍ 21 മുതലാണ് ഇളവുകൾ പ്രാബല്യത്തില്‍ വരിക. രോഗവ്യാപനം കുറയാത്ത മൈസൂർ ജില്ലയില്‍ യാതൊരു ഇളവുകളും നല്‍കിയിട്ടില്ല.
ബെംഗളൂരു അർബൻ, ഉത്തര കന്നഡ, ബെലഗവി, മാണ്ഡ്യ, കോപ്പൽ, ചിക്കബല്ലാപൂർ, തുമകുരു, കോലാർ, ഗഡാഗ്, റൈച്ചൂർ, ബാഗൽകോട്ട്, കലബുരഗി, ഹവേരി, രാമനഗര, യാഡ്ഗിർ, ബിദാർ ജില്ലകളിലാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. 5 ശതമാനത്തിൽ താഴെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളാണിത്.
also read: കനത്ത മഴയിൽ കർണാടയിൽ വ്യാപക നാശനഷ്‌ടം
ഈ ജില്ലകളിൽ എല്ലാ കടകളും ഹോട്ടലുകളും ക്ലബ്ബുകളും ഹോട്ടലുകളും വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിപ്പിക്കാം. ലോഡ്ജുകൾ, റിസോർട്ടുകൾ, ജിമ്മുകൾ, സ്വകാര്യ ഓഫീസുകൾ എന്നിവ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം. കാണികൾ ഇല്ലാതെ കായിക മത്സരങ്ങളും സംഘടിപ്പിക്കാം.
ബസ് മെട്രോ സര്‍വീസുകളും പുനരാരംഭിക്കും. 50 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. അതേസമയം രാത്രി, വാരാന്ത്യ കർഫ്യൂ സംസ്ഥാനത്തുടനീളം തുടരും. രാത്രി ഏഴ് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ. വെള്ളി രാത്രി 7 മുതൽ തിങ്കൾ 5 വരെ സംസ്ഥാനത്തുടനീളം കര്‍ഫ്യൂ ആയിരിക്കും.