മടിക്കേരി/തുമകൂരു : കര്‍ണാടകയില്‍ ഇന്നലെയുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ 11 പേര്‍ മരിച്ചു. കുടക് ജില്ലയിലെ സംപാജെ ഗേറ്റിലും തുമകൂരു ജില്ലയിലെ സിറ എന്ന സ്ഥലത്തുമാണ് വാഹനാപകടങ്ങളുണ്ടായത്. 11 പേര്‍ക്ക് ജീവന്‍ നഷ്‌ടമായ അപകടങ്ങളില്‍ പരിക്കേറ്റ 9 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
കുടകില്‍ പൊലിഞ്ഞത് ആറ് ജീവന്‍: സംപാജെ ഗേറ്റില്‍ കാറും കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെയാണ് ആറ് പേര്‍ മരിച്ചത്. മാണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ നിന്നും ദക്ഷിണ കന്നഡയിലെ സുള്ള്യയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തുമകൂരുവിലെ അപകടം : സ്വകാര്യ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ചായിരുന്നു സിറയില്‍ അപകടം. ഒരു കുടുംബത്തിലെ നാല് പേരുള്‍പ്പടെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ബെംഗളൂരു സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
Also Read: സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ദമ്പതികളും ഇവരുടെ കുട്ടികളും ഉള്‍പ്പെട്ട ഈ സംഘം ചിത്രദുർഗയിലെ ചള്ളകെരെയിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കാറില്‍ ഇടിക്കുന്നതിന് മുന്‍പ് ബസ് ഡിവൈഡറില്‍ ഇടിച്ചിരുന്നുവെന്നും സാക്ഷിമൊഴികളുണ്ട്.
അപകടത്തില്‍ ബസ് യാത്രക്കാരായ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.