വിജയപുര (കര്‍ണാടക): പ്രതിദിന കൊവിഡ് കേസുകളിലെ വർധനവിന് പിന്നാലെ, കേരളം ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കാന്‍ ഒരുങ്ങി കർണാടക. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാർ പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലും അതിർത്തി ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് ബൊമ്മെ അറിയിച്ചു.
കഴിഞ്ഞ മൂന്ന് തരംഗങ്ങളിലും അതിര്‍ത്തി സംസ്ഥാനങ്ങളായ കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നെത്തിയ ആളുകളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതെന്ന് ബൊമ്മെ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താന്‍ സാധ്യതയുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക്, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും ബൊമ്മെ അഭ്യർഥിച്ചു.
'ആശുപത്രി കേസുകളില്‍ വര്‍ധനവില്ലാത്തതിനാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം,' ബൊമ്മെ പറഞ്ഞു. മാസ്‌ക്, സാമൂഹ്യ അകലം എന്നിവ നിര്‍ബന്ധമാക്കി കർണാടക സര്‍ക്കാര്‍ തിങ്കളാഴ്‌ച പുതുക്കിയ കൊവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകളിലെ വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍, സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ബുധനാഴ്‌ച കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.