ബെംഗളുരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പൊലീസ് റെയ്‌ഡിൽ 40ലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി വിദേശത്ത് നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. മംഗളുരുവിൽ മാത്രം 10 പിഎഫ്ഐ പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്.
ലോ ആൻഡ് ഓർഡർ എഡിജിപി അലോക് കുമാറിന്‍റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടക്കുന്നത്. ഓരോ ജില്ലകളിലും ബന്ധപ്പെട്ട എസ്‌പിമാരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടക്കുന്നത്. തിങ്കളാഴ്‌ച(26.09.2022) രാത്രി ആരംഭിച്ച റെയ്‌ഡ് പുരോഗമിക്കുകയാണ്.
കർണാടക കൂടാതെ മഹാരാഷ്‌ട്ര, അസം, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലും പിഎഫ്ഐ പ്രവർത്തകർക്ക് നേരെ റെയ്‌ഡ് നടക്കുന്നു. ഇവിടങ്ങളിലും നിരവധി പേർ അറസ്റ്റിലായി.
വിവിധ സംസ്ഥാനങ്ങളിലായി പിഎഫ്ഐ പ്രവർത്തകർക്കെതിരെ നടക്കുന്ന രണ്ടാം ഘട്ട റെയ്‌ഡിൽ നിരവധി പേരാണ് അറസ്റ്റിലായിരിക്കുന്നത്. മധ്യപ്രദേശ്, അസം, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും റെയ്‌ഡ് നടന്നു. കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസ് സേനയും സംയുക്തമായാണ് റെയ്‌ഡ് നടത്തുന്നത്.
നിസാമുദ്ദീൻ, ഷഹീൻബാഗ് എന്നിവിടങ്ങൾ ഉൾപ്പെടെ രാജ്യതലസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളിൽ ഡൽഹി പൊലീസിന്‍റെ സംയുക്ത റെയ്‌ഡ് നടക്കുകയാണ്. ഇതുവരെ 30 പേരെയാണ് ഇവിടങ്ങളിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെല്ലാണ് പുലർച്ചെ റെയ്‌ഡ് നടത്തിയത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കസ്റ്റഡിയിൽ എടുത്തവരുടെ പേരിൽ കേസൊന്നും രജിസ്റ്റർ ചെയ്‌തിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.
അസമിൽ നിന്ന് പിഎഫ്ഐ ബന്ധമുള്ള 25 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മഹാരാഷ്‌ട്രയിൽ ആറ് പേരും ഉത്തർപ്രദേശിൽ 12ലധികം പേരും അറസ്റ്റിലായി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയും എസ്‌ടിഎസും സംയുക്തമായാണ് ഉത്തർപ്രദേശിൽ റെയ്‌ഡ് നടത്തിയത്.
ഗുജറാത്തിൽ പിഎഫ്ഐ ബന്ധം ആരോപിച്ച് 10 പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെയും ദേശീയ അന്വേഷണ ഏജൻസിയുടെയും സംയുക്ത സംഘമാണ് റെയ്‌ഡ് നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.