ബെംഗളൂരു : കർണാടകയിലെ ഹാസ്സൻ ജില്ലയിൽ യുവതിയെ കാര്‍ കയറ്റിക്കൊന്നതിന് യുവാവ് പിടിയില്‍. സാക്ലേഷ്‌പുരിലെ ബൊമ്മനായകനഹള്ളി സ്വദേശി ജി.ആർ ഭരതാണ് അറസ്റ്റിലായത്. പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലയ്‌ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവശേഷം, റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചെങ്കിലും പൊലീസിന്‍റെ അന്വേഷണത്തില്‍ യാഥാര്‍ഥ്യം പുറത്തുവരികയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് : ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം. ജോലി സ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ ഭരത് പിന്നിലൂടെ ചെന്ന് വാഹനം ഇടിക്കുകയായിരുന്നു. ബുവാനഹള്ളിയിലെ ഭാരതി അസോസിയേറ്റ്‌സ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഹെഞ്ചഗൊണ്ടാനഹള്ളി സ്വദേശിനി ശരണ്യയാണ് കൊല്ലപ്പെട്ടത്. യുവതിയെ ഇടിച്ചതിന് പിന്നാലെ ഒരു ചരക്കുവണ്ടിയിലും രണ്ട് മോട്ടോർ ബൈക്കിലും ഒരു ബസിലും കാർ ഇടിക്കുകയുണ്ടായി.
അപകട ശേഷം, വാഹനം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ ശരണ്യയെ ഓഗസ്റ്റ് നാലിന് ആശുപത്രിയിൽവച്ച് മരിച്ചു. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. വാഹനാപകടം ആണെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാല്‍, ഓഗസ്റ്റ് 12 ന് പൊലീസ് ഭരതിനെ പിടികൂടി ചോദ്യം ചെയ്യുകയുണ്ടായി. തുടര്‍ന്ന്, പ്രതി കൊലപാതകം നടത്തിയതാണെന്ന് കുറ്റസമ്മതം നടത്തി.
ആവർത്തിച്ച് തന്‍റെ പ്രണയാഭ്യര്‍ഥനകള്‍ പെൺകുട്ടി നിരസിച്ചതിനാലാണ് താൻ കുറ്റകൃത്യം ചെയ്‌തെതെന്ന് ഇയാള്‍ മൊഴി നല്‍കി. മൈസൂരുവിൽ നിന്ന് വാടകക്കെടുത്ത കാറാണ് കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ചത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.