മംഗളൂരു: ഞൊടിയിടയില്‍ പാമ്പുകളെ പിടികൂടി കാണികളെ അത്ഭുതപ്പെടുത്തുകയാണ് കര്‍ണാടകയിലെ ഒരു പെണ്‍കുട്ടി. മംഗളൂരു സെന്‍റ് അലോഷ്യസ് കോളജിലെ അവസാന വർഷ ബി.എസ്.സി വിദ്യാർഥിനി ശരണ്യ ഭട്ടാണ് ആ മിടുമിടുക്കി. നൂറിലധികം വിഷപാമ്പുകളെയാണ് വീടുകളില്‍ നിന്നും പിടികൂടി അവര്‍ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് അയച്ചത്.
മംഗളൂരു അശോക നഗര്‍ സ്വദേശിനിയാണ് ശരണ്യ. വീടിനുള്ളിൽ കണ്ടെത്തുന്ന പാമ്പുകളെ മാത്രമേ അവര്‍ പിടിക്കൂടാറുള്ളു. കഴിഞ്ഞ രണ്ട് വർഷമായി ശരണ്യ ഈ രംഗത്തുണ്ട്. മിറർ പാമ്പ്, മൂർഖൻ, പെരുമ്പാമ്പ്, വെള്ളപ്പാമ്പ് തുടങ്ങിയ ഉഗ്രന്‍ വിഷപ്പാമ്പുകളുണ്ട് പിടികൂടിയ കൂട്ടത്തില്‍.
'എല്ലാ പാമ്പുകള്‍ക്കും ബഹുമാനം ലഭിക്കണം'
''പിടികൂടുന്ന സമയം പാമ്പുകൾ നമ്മളെ ആക്രമിക്കാൻ സാധ്യതയുണ്ട്. അത് ഓരോ സാഹചര്യം പോലെയിരിക്കും. പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ ഹുക്ക് ഹാൻഡിൽ ഉപയോഗിക്കുന്നതാണ് നല്ലത്.'' ശരണ്യ ഭട്ട് ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
പാമ്പുകളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എട്ട്, ഒന്‍പത് അടി ഉയരമുള്ള പെരുമ്പാമ്പുകൾക്ക് മുകളിലൂടെ വരെ ആളുകള്‍ വാഹനങ്ങൾ ഓടിക്കുന്നു. പലരും മൂർഖനെ ബഹുമാനിക്കുന്നുവെങ്കിലും മറ്റ് പാമ്പുകളോട് മോശം സമീപനമാണ്. അത് ശരിയായ കാര്യമല്ല.
എനിക്ക് പാമ്പുകളെ ഇഷ്‌ടമാണ്. എന്നാല്‍ ചില വിഷപ്പാമ്പുകളെ എനിക്ക് ഭയമാണ്. അവ കടിക്കാന്‍ സാധ്യത കൂടുതലായതുകൊണ്ട് വെറും കൈകൊണ്ട് പിടിക്കാറില്ല. മുത്തച്ഛനില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അമ്മയ്ക്ക് പാമ്പുകളെ ഭയമുണ്ടെങ്കിലും എന്ന പിന്തിരിപ്പിക്കാറില്ല. അവര്‍ പാമ്പുകളെ തൊടാന്‍ വരില്ലെങ്കിലും കൊല്ലാന്‍ ശ്രമിക്കാറില്ലെന്ന് ശരണ്യ പറയുന്നു.
'മുത്തച്ഛനും അമ്മയും വലിയ പ്രചോദനം '
തവളകളെക്കുറിച്ച് ശാസ്‌ത്രീയമായി പഠിക്കാനും ശരണ്യ ഇതിനിടെ സമയം കണ്ടെത്താറുണ്ട്. പാമ്പുകളെക്കുറിച്ചും മറ്റ് ജീവജാലങ്ങളെക്കുറിച്ചും പഠിക്കാന്‍ മുത്തച്ഛൻ പ്രകാശ് ബാൾട്ടിലയറിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. മംഗളൂരുവിലെ കൊക്കട ഗ്രാമത്തിലുള്ള മുത്തച്ഛന്‍റെ വീട്ടിൽ പോകുമ്പോഴെല്ലാം കുന്നുകളിലും കാടുകളിലുമൊക്കെ പോകാറുണ്ടെന്ന് വിദ്യാര്‍ഥിനി പറയുന്നു.ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടാന്‍ 'സ്‌നേക്ക് ജോയ്' എന്നയാളാണ് ശരണ്യയ്‌ക്ക് പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്.
അശോക് നഗറിലെ ഉരഗ വിദഗ്‌ധന്‍ അതുൽ പൈ, ഡോ. വരദഗിരി, ഡോ. വിനീത് കുമാര്‍ എന്നിവര്‍ വലിയ പിന്തുണയാണ് പെണ്‍കുട്ടിയ്‌ക്ക് നല്‍കുന്നത്. പഠനം, പാമ്പ്, തവള എന്നിവയ്‌ക്ക് പുറമെ സംഗീതത്തിലും നൃത്തത്തിലും ശരണ്യയ്‌ക്ക് അഭിരുചിയുണ്ട്. കർണാടക സംഗീതം, ഭരതനാട്യവും പരിശീലിക്കുന്നുണ്ട്. വൈൽഡ് ലൈഫ് ആന്‍ഡ് കൺസർവേഷനിൽ എം.എസ്.സി പഠിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്‍റില്‍ ചേരാനാണ് ഈ 'സൂപ്പര്‍ ശരണ്യ'യുടെ പദ്ധതി.
ALSO READ: കൈക്കൂലി അല്ലെങ്കിൽ ലൈംഗികബന്ധം; ബെംഗളുരു പൊലീസ് ഇൻസ്‌പെക്‌ടർക്കെതിരെ ഗുരുതര ആരോപണങ്ങൾ