ബെംഗളൂരു : കര്‍ണാടകയില്‍ സ്‌കൂളുകളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും തിങ്കളാഴ്‌ച തുറന്നു. സ്‌കൂളുകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ട അവധിയ്‌ക്ക് ശേഷം ക്ലാസിലെത്തിയ വിദ്യര്‍ഥികളെ മധുരം നല്‍കിയാണ് കലബുര്‍ഗിയിലെ ഒരു വിദ്യാലയത്തിലെ അധ്യാപകര്‍ സ്വീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം സഹപാഠികളെയും അധ്യാപകരെയും നേരില്‍ കാണാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍.
മൊബൈല്‍ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, വീടുകളില്‍ തന്നെ കഴിയേണ്ടിവരുന്നതിന്‍റെ മാനസിക സമ്മര്‍ദം തുടങ്ങി ഓൺലൈൻ ക്ലാസുകള്‍ നടക്കുന്നതിനിടെ നിരവധി പ്രതിസന്ധികളാണ് നേരിട്ടതെന്നും ക്ലാസ് തുറന്നതോടെ ഇതിനെല്ലാം അവസാനമായെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
തുറന്നത്, ടി.പി.ആര്‍ കുറഞ്ഞ ജില്ലകളില്‍
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരിട്ട് സ്‌കൂളുകളിലെത്തി സ്ഥിതി വിലയിരുത്തി. ശരീരോഷ്‌മാവ് പരിശോധിച്ച ശേഷമാണ് വിദ്യാര്‍ഥികളെ ക്ലാസുകളിലേക്ക് പ്രവേശിപ്പിച്ചത്.
സാമൂഹിക അകലം പാലിച്ചും ഫെയ്‌സ് മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചുമാണ് കുട്ടികളും അധ്യാപകരും ഇടപെടുന്നത്.
ഒരു ബഞ്ചില്‍ പരമാവധി രണ്ട് വിദ്യാര്‍ഥികള്‍ എന്ന രീതിയിലാണ് ക്രമീകരണം. നിലവില്‍ ടി.പി.ആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.