ബെംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, രാജ്യസഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് വീണ്ടും മത്സരിച്ചേക്കും. കർണാടകയിൽ ശനിയാഴ്ച ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം ഇതുസംബന്ധിച്ച് കേന്ദ്രത്തിന് ശിപാര്‍ശ നല്‍കി. കാലാവധി അടുത്ത മാസം അവസാനിരിക്കെയാണ് പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്‌തത്.
സംസ്ഥാനത്ത് നിന്നും നാല് രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 201ലാണ് നിര്‍മല രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിർമലയ്‌ക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാവും നിലവിലെ എം.പിയുമായ കെ.സി രാമമൂർത്തി, സംസ്ഥാന ബി.ജെ.പി ഉപാധ്യക്ഷന്‍ നിർമൽ കുമാർ സുരാന, ലെഹർ സിങ്ങ് എന്നിവരുടെ പേരും രാജ്യസഭ സ്ഥാനാർഥി പട്ടികയിലുണ്ട്.
സ്ഥാനാർഥികളുടെ കാര്യത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം കൈക്കൊള്ളും. നിർമല സീതാരാമനൊപ്പം കെ.സി രാമമൂർത്തി, ജയറാം രമേഷ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. പുറമെ, 2021 സെപ്‌റ്റംബറില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെർണാണ്ടസിന്‍റേതാണ് ഒഴിവുവന്ന മറ്റൊരു സീറ്റ്. ജൂൺ 10നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.