ബെല്ലാരി (കര്‍ണാടക): ആശുപത്രിയിലെ ഐസിയുവിലുണ്ടായ പവർകട്ട് മൂലം നാലുപേർ മരിച്ചതായി ആരോപണം. കര്‍ണാടകയിലെ വിജയനഗർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (വിഐഎംഎസ്) ആശുപത്രിയിലാണ് പവർകട്ട് മൂലം ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ മരിച്ചത്. ഇതില്‍ ഐസിയു വാർഡിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ ഓക്‌സിജൻ തകരാർ മൂലമാണ് മരിച്ചതെന്നാണ് ആരോപണം.
വിഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ചേട്ടമ്മ (30), മൗലാഹുസൈൻ (38), ചന്ദ്രമ്മ (65), മനോജ് (18) എന്നിവരാണ് മരിച്ചത്. സെപ്‌തംബര്‍ 12ന് വിഐഎംഎസ് ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയിരുന്നു. മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ കഴിഞ്ഞിട്ടും വൈദ്യുതി തകരാര്‍ പരിഹരിക്കാനായില്ല. ഇതെത്തുടര്‍ന്ന് ഐസിയു വാർഡിൽ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ ഓക്‌സിജന്‍റെ ലഭ്യതയില്ലാതെ മരിച്ചെന്നാണ് ആരോപണം.
അതേസമയം, അന്നേദിവസം തന്നെ ആശുപത്രിയില്‍വച്ച് മനോജ് (18) എന്ന യുവാവും മരിച്ചിരുന്നു. എന്നാല്‍ മരണപ്പെട്ട ഇയാളെ മറ്റൊരു വാർഡിലേക്ക് മാറ്റി ആശുപത്രി അധികൃതര്‍ വഞ്ചിച്ചതായി ആക്ഷേപമുണ്ട്. തുടര്‍ന്ന് ഒരു ദിവസം കഴിഞ്ഞതിനുശേഷം മനോജ് മരിച്ചതായി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിൽ രണ്ടുപേർ മാത്രമാണ് മരിച്ചതെന്നും ആശുപത്രിയിൽ വൈദ്യുതി പോയത് സത്യമാണെങ്കിലും വൈദ്യുതി നിലച്ചതിനാൽ അതും മരിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
"പവര്‍കട്ട് കഴിഞ്ഞും വെന്റിലേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ കട്ടിലില്‍ നിരവധി രോഗികളുമുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും തന്നെ പരാതിയില്ല. എന്നാല്‍ രോഗിയുടെ ബന്ധുക്കളുടെ ആരോപണം വാസ്‌തവവിരുദ്ധമാണ്" എന്ന് ആശുപത്രി സൂപ്രണ്ട് യോഗേഷ് പറഞ്ഞു. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് വ്യാഴാഴ്ച (15.09.2022) അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതെത്തുടര്‍ന്ന് ബെല്ലാരിയിലെ വിഐഎംഎസ് ആശുപത്രിയിൽ നടന്ന സംഭവം ദൗർഭാഗ്യകരമാണെന്നും കൃത്യമായ അന്വേഷണം നടത്താൻ ബിഎംസിആർഐയിലെ ഡോ.സ്മിതയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഡി.സുധാകർ ട്വീറ്റും ചെയ്തിരുന്നു.
അതേസമയം, സർക്കാരിന്റെ അവഗണന മൂലമാണ് യഥാർത്ഥത്തിൽ മൂന്ന് പേർ മരിച്ചതെന്നും ആരോഗ്യമന്ത്രി കെ സുധാകർ രാജിവയ്ക്കണമെന്നും പ്രതിപക്ഷമായ കോൺഗ്രസ് നിയമസഭയിൽ ആവശ്യപ്പെട്ടു. മരണങ്ങളുടെ ഉത്തരവാദിത്തം മെഡിക്കൽ കോളജ്, ആരോഗ്യവകുപ്പ്, ആരോഗ്യമന്ത്രി, ഉദ്യോഗസ്ഥർ, ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ എന്നിവര്‍ക്കാണെന്നും സർക്കാർ കുറ്റമേറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, നിലവില്‍ വിഐഎംഎസിലെ ഐസിയു വാർഡുകൾക്കായി വാടക ജനറേറ്ററുകൾ താൽക്കാലികമായി ക്രമീകരിച്ചിട്ടുണ്ട്.