ബെല്ലാരി(കര്‍ണാടക): ബെല്ലാരി താലൂക്കിലെ പരമദേവന്‍ ഹള്ളിയ്‌ക്ക് സമീപമുള്ള വേദാവതി നദിക്ക് കുറുകെയുള്ള പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ഗതാഗത മന്ത്രി ശ്രീരാമല്ലു കിടന്നുറങ്ങിയത് നദിയുടെ തീരത്ത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മെല്ലെപ്പോക്ക് കണക്കിലെടുത്ത് സ്ഥലത്ത് നിരീക്ഷണം നടത്താനെത്തിയതായിരുന്നു മന്ത്രി. ചൊവ്വാഴ്‌ച വൈകുന്നേരത്തോടെ ആരംഭിച്ച നിരീക്ഷണം ഇപ്പോഴും മന്ത്രി തുടരുകയാണ്.
വേദാവരി നദിക്ക് കുറുകെ നിര്‍മിക്കുന്ന പാലം തുങ്കഭദ്ര കനാലിലൂടെയും കടന്നുപോകുന്നു. പാലത്തിന്‍റെ പില്ലറുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ കഴിഞ്ഞ 20 ദിവസമായി കനാലിലെ ജലവിതരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇത് കര്‍ഷകര്‍ക്ക് വലിയ രീതിയില്‍ പ്രതിസന്ധി നേരിടാന്‍ കാരണമായി.
ഇത് കണക്കിലെടുത്ത് മന്ത്രി തന്നെ സ്ഥലത്തെത്തുകയും പ്രവര്‍ത്തനങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്‌ടേഴ്‌സിനും മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തു. പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുപോകുന്നു എന്ന് മനസിലാക്കിയ മന്ത്രി സ്ഥലത്ത് തങ്ങി. കനത്ത മഴയെ തുടര്‍ന്ന് ഒരു ലക്ഷം ക്യുസെക്‌സ് വെള്ളമാണ് ഭദ്ര നദിയിൽ നിന്നും വാണിവിലാസ സാഗർ അണക്കെട്ടിൽ നിന്നും വേദാവതി നദിയിലേക്ക് ഒഴുക്കി വിട്ടിരിക്കുന്നത്.
കർണാടക-ആന്ധ്ര അതിർത്തിയുമായി ബന്ധിപ്പിക്കുന്ന പഴയ പാലത്തിന് ആകെ 58 പില്ലറുകളാണുള്ളത്. ഇതില്‍ 10 പില്ലറുകളുടെ അറ്റകുറ്റപ്പണികളാണ് പൂര്‍ത്തിയായത്. കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പതിനഞ്ചാം നമ്പര്‍ പില്ലര്‍ പൂര്‍ണമായും ഒലിച്ചുപോയി. അതിനാല്‍, കനാലിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തി കർഷകരുടെ വിളകൾക്ക് വെള്ളമെത്തിക്കാൻ താത്‌കാലിക പില്ലര്‍ നിർമിക്കുകയാണ്.
കൃഷിക്കായി കനാലിനെ ആശ്രയിച്ചിരിക്കുന്ന കര്‍ഷകര്‍ ജല വിതരണം മുടങ്ങിയതിനാല്‍ ഏക്കര്‍ കണക്കിനുള്ള തങ്ങളുടെ വിളകള്‍ നശിക്കുമോയെന്ന് ആശങ്കയിലാണ്. കര്‍ഷകരുടെ ആശങ്ക കണക്കിലെടുത്ത് പാലത്തിന്‍റെ നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമെ സ്ഥലത്ത് നിന്നും മടങ്ങുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രിയെ അനുകൂലിക്കുന്നവര്‍, സുരക്ഷ ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്‌ടേഴ്‌സ്, തൊഴിലാളികള്‍ തുടങ്ങി നിരവധിയാളുകളാണ് സ്ഥലത്ത് നിലവില്‍ ഉള്ളത്. മാത്രമല്ല എംഎല്‍എ നാഗേന്ദ്രയുടെയും ജില്ല കലക്‌ടറുടെയും സാന്നിധ്യം സ്ഥലത്തുണ്ട്.