ബെലഗാവി (കർണാടക): മഹാരാഷ്‌ട്രയുടെയും കർണാടകയുടെയും ഇടയിൽ സർവീസ് നടത്തുന്ന 300ലധികം ബസുകൾ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) താത്‌കാലികമായി നിർത്തിവച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്നാണ് നടപടി. മറ്റ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബെലഗാവി സിറ്റി സെൻട്രൽ ബസ് സ്റ്റാൻഡിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ബസുകളിൽ മറാത്ത മഹാസംഘ് അംഗങ്ങൾ 'ജയ് മഹാരാഷ്ട്ര' സന്ദേശങ്ങൾ എഴുതിച്ചേർത്തു.
കർണാടകയും മഹാരാഷ്ട്രയും തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും മറ്റ് നേതാക്കളും തർക്കവുമായി ബന്ധപ്പെട്ട് പ്രസ്‌താവനകൾ നടത്തി. മഹാരാഷ്ട്രയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്യാൻ അടുത്തയാഴ്‌ച സർവകക്ഷിയോഗം ചേരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.