ബെംഗളുരു: കൊവിഡ് രണ്ടാം തരംഗത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥരായ കുട്ടികളുടെ ക്ഷേമത്തിനായി ബാലസേവ പദ്ധതി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. ഇവർക്കായി പ്രതിമാസം 3,500 രൂപയുടെ ധനസഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ നിർദ്ദേശത്തെതുടർന്നാണ് പദ്ധതി തയ്യാറാക്കിയതെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി അനുസരിച്ച് 10 വയസ്സിന് താഴെ രക്ഷകർത്താക്കളില്ലാത്ത കുട്ടികൾക്കായി ശിശു പരിപാലന സ്ഥാപനങ്ങളിലെത്തിക്കുകയും കുട്ടിയുടെ മൊത്തത്തിലുള്ള വികസനത്തിന് വഴികാട്ടുകയും ചെയ്യും.
കൂടാതെ ഇത്തരം കുട്ടികളെ മാതൃകാ റെസിഡൻഷ്യൽ സ്‌കൂളുകളായ കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയം, കിത്തൂർ റാണി ചെന്നമ്മ റെസിഡൻഷ്യൽ സ്‌കൂളുകൾ, മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവയിൽ പ്രവേശിപ്പിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകും.പത്താം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾക്ക് ഉന്നത, തൊഴിൽ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനായി സംസ്ഥാന സർക്കാർ സൗജന്യ ലാപ്‌ടോപ്പുകളോ ടാബ്‌ലെറ്റുകളോ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 21 വയസ്സ് പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് വിവാഹച്ചെലവ്, ഉന്നത വിദ്യാഭ്യാസം, സ്വയം തൊഴിൽ എന്നിവയ്ക്കായി ഒരു ലക്ഷം രൂപ നൽകും. അതേസമയം കൊവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി കേന്ദ്രസർക്കാരും ശനിയാഴ്ച നിരവധി ക്ഷേമ നടപടികൾ പ്രഖ്യാപിച്ചു.
Also read: രാജ്യത്ത് 1,65,553 പേർക്ക് കൂടി കൊവിഡ് ; മരണം 3,460