ന്യൂഡൽഹി: ഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി ഈ ആഴ്‌ച വിധി പറഞ്ഞേക്കും. ഒക്‌ടോബർ 16ന് ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത വിരമിക്കുന്ന സാഹചര്യത്തിൽ ഈ ആഴ്‌ച തന്നെ വിധി പറയുമെന്നാണ് റിപ്പോർട്ടുകൾ. ഹർജികളിൽ 10 ദിവസത്തെ വാദം കേട്ട ശേഷം സെപ്‌റ്റംബർ 22ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്‌ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിയിരുന്നു. കേസ് പരിഗണിച്ച ബെഞ്ചിന്‍റെ അധ്യക്ഷനാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത.
മുസ്‌ലിം പെൺകുട്ടികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയാൽ വിദ്യാർഥിനികൾ സ്‌കൂളിൽ പോകുന്നത് നിർത്തിയേക്കുമെന്നും അത് അവരുടെ വിദ്യാഭ്യാസം അപകടത്തിലാക്കുമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ നിരവധി അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഹിജാബ് വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടണമെന്നും ചില അഭിഭാഷകർ വാദിച്ചു.
അതേസമയം, ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക സർക്കാരിന്‍റെ ഉത്തരവ് മതനിഷ്‌പക്ഷമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഹിജാബ് ധരിക്കുന്നതിനെ പിന്തുണച്ച് ചില വ്യക്തികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ പ്രക്ഷോഭം പെട്ടെന്നുണ്ടായതല്ല. സർക്കാർ ഇത്തരത്തിൽ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ ഭരണഘടനാപരമായ കടമകൾ ലംഘിച്ചതിന് സർക്കാർ പ്രതിക്കൂട്ടിലാകുമായിരുന്നുവെന്നും അഭിഭാഷകൻ വാദിച്ചു.
മാർച്ച് 15നാണ് ഹിജാബ് വിലക്ക് ചോദ്യം ചെയ്‌തുക്കൊണ്ടുള്ള ഉഡുപ്പി ഗവൺമെന്‍റ് പ്രീ-യൂണിവേഴ്‌സിറ്റി ഗേൾസ് കോളജിലെ ഒരു വിഭാഗം മുസ്‌ലിം വിദ്യാർഥിനികൾ നൽകിയ ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളിയത്. ഹിജാബ് ഇസ്‌ലാമിന്‍റെ അനിവാര്യഘടകമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.