ബെംഗളൂരു : അന്വേഷണവുമായി ബന്ധപ്പെട്ട് നിസ്സഹകരണം കാണിച്ചുവെന്നാരോപിച്ച് ഫേസ്‌ബുക്കിന് ശക്തമായ താക്കീത് നല്‍കി കര്‍ണാടക ഹൈക്കോടതി. സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരനുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണത്തില്‍ സംസ്ഥാന പൊലീസുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, സമൂഹമാധ്യമ ഭീമനായ ഫേസ്‌ബുക്കിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ശൈലേഷ് കുമാര്‍ എന്നയാളുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെ ബുധനാഴ്‌ചയാണ് കോടതി ഫേസ്‌ബുക്കിന് താക്കീത് നല്‍കിയത്.
പോസ്‌റ്റും കേസും അറസ്‌റ്റും : ദക്ഷിണ കന്നഡ ജില്ലയില്‍ മംഗളൂരിനടുത്തുള്ള ബികർണകട്ടേ നിവാസിയായ ശൈലേഷ് കുമാര്‍, സൗദി അറേബ്യയിലെ ഒരു കമ്പനിയില്‍ കഴിഞ്ഞ 25 വര്‍ഷമായി ജോലി ചെയ്‌തുവരികയായിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ 2019 ല്‍ പൗരത്വ ഭേദഗതി നിയമത്തെ (CAA) അനുകൂലിച്ച് ഇയാള്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടിരുന്നു. മാത്രമല്ല ദേശീയ പൗരത്വ രജിസ്‌റ്ററിനെ (NRC) സ്വാഗതം ചെയ്‌തും 52 കാരനായ അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റ് തുടര്‍ന്നു.
എന്നാല്‍ ഇതിനിടെ മറ്റാരെല്ലാമോ ചേര്‍ന്ന് ഇയാളുടെ പേരില്‍ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ആരംഭിക്കുകയും സൗദി അറേബ്യന്‍ രാജാവിനെ കുറിച്ചും ഇസ്‌ലാം മതത്തെക്കുറിച്ചും ആക്ഷേപകരമായ പോസ്‌റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ശൈലേഷ് കുമാര്‍ ഭാര്യ കവിതയെയും മറ്റ് കുടുംബാംഗങ്ങളെയും ഇതുസംബന്ധിച്ച് വിവരം അറിയിച്ചു.
ഭര്‍ത്താവിനായി ഭാര്യയുടെ നിയമപ്പോരാട്ടം: ഇതിന്‍റെ അടിസ്ഥാനത്തില്‍ ശൈലേഷ് കുമാറിന്‍റെ ഭാര്യ കവിത മംഗളൂരു പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതിനിടെ സൗദി അറേബ്യന്‍ പൊലീസ് ശൈലേഷിനെ അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചു. എന്നാല്‍ ശൈലേഷിന്‍റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്ത മംഗളൂരു പൊലീസ്, വ്യാജ അക്കൗണ്ട് തുറന്നത് സംബന്ധിച്ച് വിവരങ്ങള്‍ തേടി ഫേസ്‌ബുക്ക് അധികൃതര്‍ക്ക് കത്തെഴുതുകയായിരുന്നു.
എന്നാല്‍ ഈ കത്തിനോട് പ്രതികരിക്കാന്‍ ഫേസ്‌ബുക്ക് തയ്യാറായില്ല. എന്നാല്‍ ഈ സമയം അന്വേഷണത്തിലെ കാലതാമസം ചോദ്യം ചെയ്‌ത് ശൈലേഷ് കുമാറിന്‍റെ കുടുംബം 2021ല്‍ ഹൈക്കോടതിയെ സമീപിച്ചു. മാത്രമല്ല ഭർത്താവിനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കവിത കേന്ദ്ര സർക്കാരിനും കത്തെഴുതിയിരുന്നു.
ഫേസ്‌ബുക്കിന് താക്കീത് വന്നത് ഇങ്ങനെ : ശൈലേഷ് കുമാറിന്‍റെ കുടുംബം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്‌റ്റിസ് കൃഷ്ണ എസ്.ദീക്ഷിതിന്‍റെ ബഞ്ച് ഫേസ്‌ബുക്കിന് താക്കീത് നല്‍കിയത്. ആവശ്യമായ വിവരങ്ങളടങ്ങിയ പൂർണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം ഫേസ്‌ബുക്കിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുമെന്നും കോടതി അറിയിച്ചു. മാത്രമല്ല സൗദി അറേബ്യയിൽ അറസ്‌റ്റിലായ ഇന്ത്യൻ പൗരന്‍റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു.