ബെംഗളൂരു : കർണാടകയിലെ ബെലഗാവിയിൽ വീട്ടമ്മയെ നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കേസ് അസാധാരണമാണെന്നും തങ്ങൾ അത് അങ്ങനെ തന്നെ കൈകാര്യം ചെയ്യുമെന്നും കോടതി പ്രഖ്യാപിച്ചു (Karnataka High Court on Naked Parade Case). സംഭവം വരും തലമുറയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി നഗ്നയാക്കി മർദ്ദിക്കപ്പെട്ട സ്ത്രീക്ക് നീതി ഉറപ്പാക്കുമെന്നും വ്യക്തമാക്കി. ഇരയായ സ്ത്രീയ്ക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് കോടതി നിർദ്ദേശിച്ചു.
നടന്ന കാര്യങ്ങളെപ്പറ്റി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബെലഗാവി കമ്മീഷണർ, അസിസ്‌റ്റന്‍റ് കമ്മീഷണർ എന്നിവരോടും ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. "നമ്മൾ പുരോഗതിക്കും സമത്വത്തിനും സാക്ഷ്യം വഹിക്കുകയാണോ, അതോ 17-18 നൂറ്റാണ്ടുകളിലേക്ക് തിരികെ പോവുകയാണോ? ഈ പരുഷമായ വാക്കുകൾ ഞങ്ങളുടെ വേദനയിൽ നിന്നാണ് വരുന്നത്" - ബെഞ്ച് പറഞ്ഞു.
സംഭവത്തിൽ വനിത കമ്മീഷൻ ഇതുവരെ ഇടപെടാത്തത് തങ്ങളെ സ്‌തബ്‌ധരാക്കിയെന്നും കോടതി പറഞ്ഞു. ഒരു ടിവി ചർച്ചയിൽ ആരെങ്കിലും പറയുന്നതിനെതിരെ നടപടിയെടുക്കുന്ന വനിത കമ്മീഷൻ ഈ സംഭവം നടന്നപ്പോൾ എവിടെയാണെന്ന് കോടതി ചോദിച്ചു. "അവർ ശ്രദ്ധിച്ചിട്ടുണ്ടോ? ഏതെങ്കിലും വനിത-മനുഷ്യാവകാശ കമ്മീഷനുകൾ എന്തെങ്കിലും ചെയ്‌തിട്ടുണ്ടോ? സംഭവസ്ഥലമോ ആ കുടുംബമോ സന്ദർശിച്ചോ? ഞങ്ങൾക്ക് വാക്കുകളില്ല, ഞങ്ങൾ എന്ത് പറയാനാണ്?" - കോടതി ചോദിച്ചു.
മർദ്ദനം മകൻ ഒളിച്ചോടിയതിന് : ഞായറാഴ്‌ച (ഡിസംബര്‍ 10) രാത്രിയാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. മർദ്ദിക്കപ്പെട്ട 42കാരിയുടെ മകൻ താൻ പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം നാടുവിട്ടിരുന്നു. ഇതിൽ പ്രകോപിതരായ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിന്‍റെ അമ്മയെ മര്‍ദനത്തിന് ഇരയാക്കിയത്. ഇവര്‍ യുവാവിന്‍റെ വീട് ആക്രമിക്കുകയും ചെയ്‌തു. 10 പേരടങ്ങുന്ന സംഘമാണ് സ്ത്രീയെ മര്‍ദിച്ചത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ബെലഗാവി സ്വദേശിയായ 24കാരനും ഇതേ ഗ്രാമത്തിലുള്ള 18കാരിയും പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചു. വിവാഹ നിശ്ചയ ചടങ്ങുകള്‍ ഡിസംബര്‍ 11 ന് നടക്കാനിരിക്കെയാണ് തലേന്ന് അര്‍ധ രാത്രിയോടെ ഇരുവരും നാടുവിട്ടത്.