ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്‌തുള്ള അപ്പീൽ പിന്‍വലിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. അപ്പീല്‍ പിന്‍വലിക്കാന്‍ അദ്ദേഹം കോടതിയോട് ആവശ്യപ്പെടുകയും ഇത് അനുവദിക്കപ്പെടുകയുമായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണത്തിന് ബിജെപി സര്‍ക്കാരാണ് തീരുമാനമെടുത്തത്. ഇത് ചോദ്യം ചെയ്‌ത് ഡികെ ശിവകുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. പിന്നാലെ ഇതിനെതിരെ അദ്ദേഹം അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്‌തു. ഇതാണ് കോടതിയുടെ അനുമതിയോടെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുകൂടിയായ ഡി.കെ ശിവകുമാർ പിൻവലിച്ചത് (Karnataka High Court grants permission to withdraw DK Shivakumar's appeal).
ചീഫ് ജസ്റ്റിസ് പ്രസന്ന ബാലചന്ദ്ര വരാലെ, ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത് എന്നിവരുടെ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്. ഉദയ് ഹോളയും മനു അഭിഷേക് സിംഗ്‌വിയുമാണ് ഡികെ ശിവകുമാറിന് വേണ്ടി ഹാജരായത്. സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയും മുതിർന്ന അഭിഭാഷകൻ കപിൽ സിബലും, ഡികെ ശിവകുമാറിനെതിരായ മുന്‍ സര്‍ക്കാരിന്‍റെ സിബിഐ അന്വേഷണ ഉത്തരവ് പിന്‍വലിച്ചതായി അറിയിച്ചു. നവംബർ 23ന് ചേർന്ന കർണാടക മന്ത്രിസഭായോഗമാണ് ഉത്തരവ് പിൻവലിച്ചത്.
'സിബിഐ അന്വേഷണം നിയമപ്രകാരമല്ല': ഡികെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണം നടത്താൻ നിയമസഭ സ്‌പീക്കറുടെ അനുമതി മുന്‍ സര്‍ക്കാര്‍ വാങ്ങിയിരുന്നില്ലെന്ന് നേരത്തേ നിയമമന്ത്രി എച്ച്കെ പാട്ടീൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Also read: 1400 കോടിയുടെ ആസ്‌തി, ഡി കെ ശിവകുമാർ ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയെന്ന് റിപ്പോര്‍ട്ട്
'പൊറുക്കാനാവാത്ത കുറ്റം' : ഡികെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണത്തിന് നൽകിയ അനുമതി പിൻവലിച്ചത് പൊറുക്കാനാവാത്ത കുറ്റമാണെന്ന് ബിജെപി തിരിച്ചടിച്ചിരുന്നു. ശിവകുമാറിനെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നിയമവിരുദ്ധമായ തീരുമാനമാണ് എടുത്തതെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അടക്കമുള്ള ബിജെപി നേതാക്കൾ പ്രതികരിക്കുകയും ചെയ്‌തിരുന്നു. അഡ്വക്കേറ്റ് ജനറലിന്‍റെ അനുമതിയോടെയാണ് കേസ് സിബിഐക്ക് വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തനിക്കെതിരെയുള്ള ബിജെപിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു ഡികെ ശിവകുമാറിന്‍റെ പ്രതികരണം.